പാരിപ്പള്ളി: മലിനജലം കെട്ടിനിൽക്കുന്നതുകൊണ്ടുള്ള ദുർഗന്ധവും കൊതുകുകളുടെ ശല്യവുംമൂലം പാരിപ്പള്ളി മാർക്കറ്റ് ജനങ്ങൾക്ക് ദുരിതകേന്ദ്രമാക്കുന്നു. മത്സ്യവിൽപന നടക്കുന്ന സ്ഥലത്തുനിന്നുള്ള മലിനജലമാണ് കൂടുതലായും ഇവിടെ കെട്ടിനിൽക്കുന്നത്. ഒഴുകിയെത്തുന്ന മത്സ്യാവശിഷ്ടങ്ങളടക്കം നിറഞ്ഞ വെള്ളം ഒലിച്ചിറങ്ങി സെപ്റ്റിക് ടാങ്കിന് മുന്നിൽ കെട്ടിനിൽക്കുന്നു. മാർക്കറ്റിെൻറ മൂലയിലായി രണ്ട് സെപ്റ്റിക് ടാങ്കുകളാണുള്ളത്. ഇത് രണ്ടും ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. മണ്ണിടിഞ്ഞും നികന്നും തകർന്ന ടാങ്കുകളിലേക്ക് വെള്ളം ഒഴുകിയിറങ്ങാത്തതാണ് പ്രശ്നത്തിന് കാരണമാകുന്നത്. ടാങ്കിെൻറ മുകൾഭാഗം വിടവുകൾ വീണതിനാൽ ഉള്ളിലും കൊതുകുകൾ മുട്ടയിട്ട് പെരുകുകയാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ മത്സ്യാവശിഷ്ടങ്ങളും ചപ്പുചവറുകളും അഴുകുന്നതിനാൽ രൂക്ഷമായ ദുർഗന്ധവുമുണ്ട്. മാർക്കറ്റിൽ സ്ഥലപരിമിതിമൂലം നിന്നുതിരിയാനിടമില്ലാത്തത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു. മാലിന്യങ്ങളിൽ ചവിട്ടാതെ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാരിപ്പള്ളിയിലും പരിസരങ്ങളിലും വ്യാപകമായി പകർച്ചപ്പനി പടർന്നുപിടിച്ചിട്ടും ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്ത് തയാറാവുന്നില്ലെന്ന് പരാതിയുണ്ട്. പനി പടർന്നുപിടിച്ചതിനെതുടർന്ന് പ്രതിഷേധങ്ങളുയർന്നപ്പോൾ ചിലയിടങ്ങളിൽനിന്ന് ചപ്പുചവറുകൾ നീക്കം ചെയ്തതൊഴിച്ചാൽ പഞ്ചായത്തിെൻറ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നാമമാത്രമാണ്. പഞ്ചായത്തിെൻറ തൊട്ടടുത്തുള്ള കല്ലുവാതുക്കൽ മാർക്കറ്റിലും സ്ഥിതി വ്യത്യസ്തമല്ല. മലിനജലം ഒഴുക്കിവിടാനുള്ള ശാശ്വത മാർഗങ്ങൾ ഇല്ലാത്തതാണ് ഇവിടെയും പ്രശ്നം. മാർക്കറ്റുകളോ മറ്റ് മാലിന്യനിക്ഷേപകേന്ദ്രങ്ങളോ ശുചീകരിക്കാൻ പഞ്ചായത്തിൽ സ്ഥിരം സംവിധാനമില്ല. വികസനപ്രവർത്തനത്തിെൻറ പേരിൽ കോടികൾ ചെലവഴിക്കുമ്പോഴും പൊതുജനാരോഗ്യത്തിന് ഏറ്റവും ഭീഷണി ഉയർത്തുന്ന മാലിന്യ നിർമാർജനത്തിന് യാതൊരു പരിഗണനയും നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമുയരുന്നു. മഴക്കാലം എത്തിയിട്ടുപോലും അധികൃതർക്ക് ഇക്കാര്യത്തിൽ ശ്രദ്ധയില്ലാത്തത് ആശങ്കജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.