കൊട്ടാരക്കര: മേഖലയിൽ റോഡപകടങ്ങൾ പെരുകുമ്പോഴും താലൂക്ക് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ട്രോമാകെയർ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. താലൂക്ക് ആശുപത്രിയെ ‘ആർദ്രം’ പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും സംവിധാനത്തെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എം.സി റോഡ് അപകടമേഖലയായതോടെ ലോകബാങ്ക് പദ്ധതി പ്രകാരമാണ് ഇവിടെ ട്രോമാകെയർ അനുവദിച്ചത്. കെട്ടിടം ഉദ്ഘാടനം നടത്തിയിട്ട് ഒരുവർഷം കഴിഞ്ഞു. റോഡപകടങ്ങളിൽപെടുന്നവർക്ക് ഉടൻ ചികിത്സ നൽകാനായി ആധുനിക ഉപകരണങ്ങളും ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരെയും അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. ഇവയൊന്നും നടപ്പായിട്ടില്ല. നിലവിലുള്ള കാഷ്വാലിറ്റി അതേപടി തുടരുന്നു. അഞ്ഞൂറോളം അപകടങ്ങളാണ് ഈവർഷം നടന്നത്. 265 അപകടങ്ങൾ നടന്നതായാണ് ഔദ്യോഗികകണക്ക്. ദിവസവും പതിനഞ്ചോളംപേർ അപകടത്തിൽപെട്ട് ചികിത്സതേടി എത്തുന്നതായാണ് താലൂക്ക് ആശുപത്രിയിലെ കണക്ക്. ആശുപത്രിയെ ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയതായി വിവരം ലഭിച്ചെന്ന് സൂപ്രണ്ട് ഡോ. ബിജു നെൽസൺ അറിയിച്ചു. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ലഭിക്കുമെന്നാണ് വിവരം. ഇതും വെറുംവാഗ്ദാനമായി മാറുമെന്നാണ് ആരോപണം. മിക്കഅപകടങ്ങളിലും റഫറൽ യൂനിറ്റായി താലൂക്ക് ആശുപത്രി മാറുന്നുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.