പുനലൂർ: രൂക്ഷമായ വരൾച്ച നേരിടുന്ന കിഴക്കൻമേഖലയിൽ സർക്കാറിെൻറ കുടിവെള്ളവിതരണം ലക്ഷ്യം കാണുന്നില്ല. ഒാരോ ദിവസം പിന്നിടുന്തോറും ശുദ്ധജലം ലഭിക്കാതെ വലയുകയാണ് ജനം. കുന്നും മലയും നിറഞ്ഞ പുനലൂർ താലൂക്കിൽ എല്ലാ വില്ലേജുകളിലും മൂന്നുമാസമായി കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നു. ഇതിന് പരിഹാരമായി ഓരോ പഞ്ചായത്തിനും രണ്ടുവീതം ടാങ്കറിൽ വെള്ളമെത്തിക്കാൻ താലൂക്ക് ഓഫിസിൽനിന്ന് അനുവാദം നൽകിയിരുന്നു. തിങ്കൾകരിക്കം ഒഴികെ താലൂക്കിലുള്ള എല്ലാ വില്ലേജുകളിലും കഴിഞ്ഞയാഴ്ചയിലാണ് പൂർണതോതിൽ ടാങ്കറിൽ ജലവിതരണം തുടങ്ങിയത്. ശരാശരി 15 മുതൽ 20 വരെ വാർഡുകളാണ് മിക്ക പഞ്ചായത്തിലുമുള്ളത്. മൂന്നും നാലും കിലോമീറ്റർ വരെ വിസ്തൃതിയുള്ളതും ജനവാസമുള്ളതുമാണ് ഈ വാർഡുകൾ. വെള്ളം വിതരണം ചെയ്യേണ്ട പഞ്ചായത്തിൽനിന്ന് പത്തും പതിനഞ്ചും കിലോമീറ്റർ അകലെയുള്ള ജല ശുദ്ധീകരണ ശാലകളിൽനിന്നാണ് ടാങ്കറിൽ വെള്ളം നിറക്കുന്നത്. 5000 ലിറ്റർ ശേഷിയുള്ള ടാങ്കർ നിറക്കാൻ ചിലപ്പോൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരും. ഇതുകാരണം ഒരു ടാങ്കറിന് ദിവസവും രണ്ടോ മൂന്നോ തവണ മാത്രമേ വെള്ളം നിറച്ച് നിശ്ചിത സ്ഥലങ്ങളിൽ വിതരണം ചെയ്യാനാകുന്നുള്ളൂ. ഒരു ടാങ്കറിന് ഒരു വാർഡിൽപോലും ചില ദിവസങ്ങളിൽ വെള്ളം വിതരണം ചെയ്യാൻ കഴിയുന്നില്ല. ജലക്ഷാമം രൂക്ഷമായ പല വാർഡുകളിലും ആഴ്ചയിൽ ഒരു തവണയേ നിയന്ത്രിത അളവിൽ വെള്ളം ലഭിക്കുന്നുള്ളൂ. സമയത്തിന് വെള്ളം കിട്ടാതായ ജനം ഇടക്കിടെ ലഭിക്കുന്ന മഴവെള്ളം ശേഖരിച്ചാണ് പ്രാഥമികാവശ്യങ്ങൾ നടത്തുന്നത്. ജലക്ഷാമം രൂക്ഷമായ വാർഡുകളിൽ എല്ലാ ദിവസവും വെള്ളമെത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് ജനപ്രതിനിധികൾ റവന്യൂഅധികൃതരോട് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായിെല്ലന്ന് ആക്ഷേപമുണ്ട്. ഒരു ടാങ്കറിന് ദിവസവും 4000 രൂപയാണ് അനുവദിക്കുന്നത്. ഒരു പഞ്ചായത്തിൽ മാത്രം ദിവസവും 8000 രൂപയാണ് വെള്ളം വിതരണം ചെയ്യാൻ ചെലവാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.