100 കിലോ പാന്‍പരാഗ് പിടിച്ചെടുത്തു; രണ്ട് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍

കൊല്ലം: എക്സൈസ് സര്‍ക്ക്ള്‍ പാര്‍ട്ടിയും എക്സൈസ് ഇന്‍റലിജന്‍സും ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ ജില്ലയിലെ പാന്‍പരാഗ് മൊത്ത വിതരണ കേന്ദ്രത്തില്‍നിന്ന് 100 കിലോ പാന്‍പരാഗ് പിടിച്ചെടുത്തു. കൊല്ലം ഡീസന്‍റ്മുക്ക് ഭാഗത്ത് വാടകക്കെടുത്ത കെട്ടിടത്തില്‍ പ്രത്യേക അറകള്‍ തടികൊണ്ട് നിര്‍മിച്ച് വിതരണത്തിനായി വെച്ചിരുന്ന 21650 എണ്ണമുള്ള വലിയ പാക്കറ്റ് ലഹരി പാന്‍പരാഗ് ഉല്‍പന്നങ്ങളാണ് കൊല്ലം സി.ഐ വി. രാജേഷിന്‍െറ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. ബിഹാര്‍ സ്വദേശികളായ ബര്‍ക്കത്ത് (30), ശ്യാംരാം (25) എന്നിവരെ സ്ഥലത്തുനിന്ന് പിടികൂടി. മുമ്പ് പിടിയിലായ മൂന്നാംകുറ്റിയിലുള്ള വീട്ടില്‍ തറയില്‍ പ്രത്യേക അറ നിര്‍മിച്ചിരുന്ന സംഘാംഗങ്ങള്‍ തന്നെയാണ് ഇതിനും പിറകിലെന്ന് സി.ഐ പറഞ്ഞു. അന്ന് കേസില്‍ ഉള്‍പ്പെട്ട ബിഹാര്‍ സ്വദേശി അക്രമുദ്ദീന്‍ എന്നയാള്‍ ഒളിവില്‍നിന്ന് സഹായികളെ വെച്ച് ഇപ്പോഴും പാന്‍പരാഗ് കച്ചവടം ചെയ്തുവരുകയാണ്. നഗരമധ്യത്തില്‍ തന്നെ വലിയ വീടുകള്‍ വാടകക്കെടുത്ത് പ്രത്യേക അറകള്‍ നിര്‍മിച്ച് അതിനുള്ളിലാണ് പാന്‍പരാഗ് സൂക്ഷിച്ചുവരുന്നത്. ഇപ്പോള്‍ പിടിച്ചെടുത്ത പാന്‍പരാഗിന് മൊത്തവിതരണ വിപണിയില്‍ അഞ്ചുലക്ഷത്തോളം രൂപ വിലവരുമെന്നും സി.ഐ പറഞ്ഞു. ട്രെയിനില്‍ ബിഹാറില്‍നിന്നാണ് പാന്‍പരാഗ് കടത്തുന്നതെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സിമന്‍റ് ഭിത്തിയോടുചേര്‍ന്ന് പ്രത്യേക തടി അലമാര നിര്‍മിച്ച് പുറത്തുകാണാത്തവിധം പണിതെടുത്താണ് പാന്‍പരാഗ് ഒളിപ്പിച്ചിരുന്നത്. റെയ്ഡില്‍ എക്സൈസ് സി.ഐ വി. രാജേഷിനൊപ്പം ഇന്‍സ്പെക്ടര്‍മാരായ വിജയന്‍, ആന്‍ഡ്രൂസ്, അസി. ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ് ബോസ്കോ, പ്രിവന്‍റിവ് ഓഫിസര്‍ നിഷാദ്, സി.ഇ.ഒമാരായ രഞ്ജിത്ത്, സുരേഷ് ബാബു, ബിജുമോന്‍, മണിലാല്‍ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.