ഡെങ്കിപ്പനി പ്രതിരോധം: ജാഗ്രതാസമിതികള്‍ രൂപവത്കരിക്കും

പത്തനാപുരം: മലയോര മേഖലയില്‍ പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ പത്തനാപുരം ഗ്രാമപഞ്ചായത്തിന്‍െറയും ആരോഗ്യവകുപ്പിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ അവലോകന യോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ വാര്‍ഡ് തലത്തില്‍ ജാഗ്രതാസമിതികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. വാര്‍ഡ് അംഗത്തിന്‍െറയും ആശാപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ജാഗ്രതാസമിതി രൂപവത്കരിക്കുക. ഭവനസന്ദര്‍ശനം നടത്തി ബോധവത്കരണം, ക്ളോറിനേഷന്‍, ഡ്രൈ ഡേ എന്നിവ നടത്തും. കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ കണ്ടത്തെി ഇല്ലാതാക്കും. കൊതുക് നശീകരണത്തിനാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കുക. പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ മാര്‍ക്കറ്റ് ശുചീകരണം, ഓടകള്‍ വൃത്തിയാക്കല്‍ എന്നിവ നടക്കും. പൊതുമാര്‍ക്കറ്റിലെ വ്യാപാരികളുടെയും പൊലീസിന്‍െറയും ആരോഗ്യവകുപ്പിന്‍െറയും നേതൃത്വത്തില്‍ 30ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും ആലോചനായോഗം ചേരുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. രണ്ടാംഘട്ടത്തില്‍ പൊതുസ്ഥലങ്ങളിലെ ക്ളോറിനേഷന്‍, ഫോഗിങ് എന്നിവ നടക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.