കെ.എസ്.ആര്‍.ടി.സി : ജീവനക്കാര്‍ ഹിതപരിശോധനയില്‍; യാത്രക്കാര്‍ പെരുവഴിയില്‍

കൊല്ലം: ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത് ഹിതപരിശോധനക്ക് പോയതോടെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് താറുമാറായി. ബസുകളില്ലാതായതോടെ വിവിധ സ്ഥലങ്ങളിലേക്ക് പോകാനത്തെിയ യാത്രക്കാര്‍ വലഞ്ഞു. കൂടുതല്‍ തൊഴിലാളി പിന്തുണയുള്ള ട്രേഡ് യൂനിയനുകളെ തെരഞ്ഞെടുക്കാനുള്ള ഹിതപരിശോധനയുടെ ആവേശത്തിലായിരുന്നു ജീവനക്കാര്‍. ജില്ലയില്‍ പകുതിയില്‍ താഴെ സര്‍വിസുകള്‍ മാത്രമാണ് തിങ്കളാഴ്ച നടത്തിയത്. നിരത്തിലിറങ്ങിയ ബസുകളില്‍ യാത്രക്കാരുടെ വന്‍ തിരക്കായിരുന്നു. കണ്ടക്ടര്‍മാരാണ് കൂടുതലായും കൂട്ടഅവധിയെടുത്തത്. ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ഡിപ്പോകളില്‍ എത്തിയെങ്കിലും കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ സര്‍വിസ് നടത്താനായില്ല. 26 ഫാസ്റ്റ് പാസഞ്ചറും 13 ജനുറവും ഉള്‍പ്പെടെ 123 സര്‍വിസ് ഉള്ള കൊല്ലം ഡിപ്പോയില്‍ 58 ബസുകളാണ് സര്‍വിസിനിറങ്ങിയത്. ഹിതപരിശോധന മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ജില്ലയിലെ ഡിപ്പോകളിലുണ്ടായത്. കൊട്ടാരക്കരയില്‍ 134 ഷെഡ്യൂളില്‍ 85, ചാത്തന്നൂരില്‍ 72ല്‍ 49, പത്തനാപുരത്ത് 48ല്‍ 35, കരുനാഗപ്പള്ളിയില്‍ 92ല്‍ 59 ഷെഡ്യൂളുകളാണ് തിങ്കളാഴ്ച സര്‍വിസ് നടന്നത്. കുളത്തൂപ്പുഴ: ഹിതപരിശോധന കുളത്തൂപ്പുഴ ഡിപ്പോയിലെ സര്‍വിസുകളെയും ബാധിച്ചു. പ്രവേശ പരീക്ഷകള്‍ക്കടക്കം ദൂരെ സ്ഥലങ്ങളിലേക്ക് പോകാനായി തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കുളത്തൂപ്പുഴയിലത്തെിയ നിരവധി വിദ്യാര്‍ഥികളും യാത്രക്കാരും ബസുകള്‍ ഇല്ലാതെ വലഞ്ഞു. കൊല്ലം-കുളത്തൂപ്പുഴ വേണാട് ലിമിറ്റഡ് സ്റ്റോപ്പ് സര്‍വിസുകള്‍ അടക്കം നിരവധി സര്‍വിസുകളാണ് മുടങ്ങിയത്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച നടന്ന കേരള സര്‍വകലാശാലാ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷയില്‍ പങ്കെടുക്കാനായി നിരവധി വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളുമാണ് പുലര്‍ച്ചെ മുതല്‍ ടൗണിലും പാതയോരങ്ങളിലും കാത്തുനിന്നിരുന്നത്. എന്നാല്‍, പല സര്‍വിസുകളും മുടങ്ങിയതോടെ സമയത്ത് പരീക്ഷകള്‍ക്കത്തൊന്‍ കഴിയാതെ വന്ന വിദ്യാര്‍ഥികളില്‍ പലരും സ്വകാര്യ വാഹനങ്ങള്‍ വാടകക്ക് സംഘടിപ്പിച്ചാണ് പരീക്ഷാകേന്ദ്രങ്ങളിലത്തെിയത്. സര്‍വിസുകള്‍ മുടങ്ങിയത് സംബന്ധിച്ച് ഡിപ്പോയില്‍ വിളിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ തയാറായില്ളെന്ന് പരാതിയുണ്ട്. സംഭവം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാര്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.