ജില്ലയില്‍ നെല്‍കൃഷി വന്‍തോതില്‍ കുറയുന്നു

ഓയൂര്‍: ജില്ലയില്‍ നെല്‍കൃഷി വന്‍തോതില്‍ കുറയുന്നു. എട്ടുലക്ഷം ഹെക്ടറില്‍ നെല്‍കൃഷി നടന്നിടത്ത് കാല്‍നൂറ്റാണ്ട് കൊണ്ട് രണ്ടര ഹെക്ടറിലേക്ക് ചുരുങ്ങി. സര്‍ക്കാറില്‍നിന്ന് കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കിലും പ്രകൃതിക്ഷോഭവും തൊഴിലാളികളെ കിട്ടാത്തതും ചെലവ് വര്‍ധിക്കുന്നതും നെല്‍കൃഷിക്ക് തിരിച്ചടിയാകുന്നു. എന്നാല്‍ പച്ചക്കറി, വാഴ കൃഷികള്‍ക്ക് മുന്നോട്ടാണ്. ജില്ലയില്‍ കരീപ്ര, ചാത്തൂര്‍, വെളിയം, പൂയപ്പള്ളി മേഖലയിലാണ് നെല്‍കൃഷി കൂടുതലായി ചെയ്യുന്നത്. 2015ല്‍ കരീപ്രയില്‍ 140 ഹെക്ടറും പൂയപ്പള്ളിയില്‍ 100 ഹെക്ടറും വെളിയത്ത് 50 ഹെക്ടറുമായിരുന്നു നെല്‍കൃഷി. ജില്ലയില്‍ 56060 ഹെക്ടറിലാണ് തെങ്ങുകൃഷി നടന്നത്. 2000 ഹെക്ടറില്‍ വാഴകൃഷി നടക്കുന്നുണ്ട്. കരീപ്ര, കൊട്ടാരക്കര, പുനലൂര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ വാഴകൃഷി നടക്കുന്നത്. പാടങ്ങളില്‍ നെല്‍കൃഷിയെ പിന്നിലാക്കി വാഴകൃഷി പലപ്രദേശത്തും ഉയര്‍ന്നിട്ടുണ്ട്. വാഴ കന്നിന് ഏഴുരൂപമുതല്‍ 10 രൂപവരെയും ടിഷ്യുകള്‍ചര്‍ വഴിയാണെങ്കില്‍ 15 രൂപയുമാണ്. കിഴങ്ങുവിളകള്‍ 20000 ഹെക്ടറിലും പച്ചക്കറി 2800 ഹെക്ടറിലുമാണ് കൃഷി ചെയ്തത്. ക്ളസ്റ്റര്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പച്ചക്കറികൃഷി തുടങ്ങിയിരിക്കുന്നത്. ഇതിനുള്ള വിത്ത്, വളം, ജൈവകീടനാശിനി എന്നിവ സൗജന്യമായി കൃഷിഭവന്‍ വഴി ലഭിക്കുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷിഓഫിസര്‍ സ്റ്റാന്‍ലി ചാക്കോ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.