മുന്നറിയിപ്പില്ലാതെ ട്രിപ് മുടക്കി കെ.എസ്.ആര്‍.ടി.സി

പത്തനാപുരം: കിഴക്കന്‍ മേഖലകളിലെ യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി അവഗണിക്കുന്നതായി പരാതി. പുന്നല, പൂങ്കുളഞ്ഞി, കടശ്ശേരി, പാടം എന്നിവിടങ്ങളിലേക്കുള്ള സര്‍വിസ് മുന്നറിയിപ്പില്ലാതെ മുടങ്ങുന്നത് പതിവാകുകയാണ്. കഴിഞ്ഞദിവസം രാവിലെ പുന്നലയില്‍നിന്ന് പത്തനാപുരത്തേക്കുള്ള സര്‍വിസ് മുടങ്ങിയിരുന്നു. ഇത് നൂറുകണക്കിന് വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കി. പുന്നല, കറവൂര്‍, കടശ്ശേരിയില്‍ എന്നിവിടങ്ങളില്‍നിന്ന് നിരവധിയാളുകളാണ് രാവിലെ ഈ ബസിനെ ആശ്രയിക്കുന്നത്. മിക്ക ദിവസവും ബസ് കൃത്യസമയം പാലിക്കാറില്ളെന്നും പരാതിയുണ്ട്. ബസിന് കേടുപാട് സംഭവിച്ചാല്‍ പകരം സര്‍വിസ് നടത്താന്‍ ഡിപ്പോ അധികൃതര്‍ തയാറാകില്ല. ജനങ്ങള്‍ പരാതിപ്പെട്ടാല്‍ സമാന്തര സര്‍വിസുകളെ ആശ്രയിക്കാനാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. കിഴക്കന്‍ മേഖലയിലേക്ക് സര്‍വിസ് നടത്തുന്ന ഭൂരിഭാഗം ബസുകളും കാലപ്പഴക്കം ചെന്നവയാണ്. പുതിയത് വിരലിലെണ്ണാവുന്നത് മാത്രമാണ്. പഴയ ബസുകള്‍ ഉപയോഗിച്ച് സര്‍വിസ് തുടരുമ്പോഴും ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് സര്‍വിസുകളെ ബാധിക്കുന്നു. ബസുകള്‍ക്കുണ്ടാകുന്ന ചെറിയ സാങ്കേതിക പിഴവുപോലും ഡിപ്പോയില്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം രാത്രിയിലെ സ്റ്റേ സര്‍വിസ് ഉള്‍പ്പെടെ പല ട്രിപ്പും മുടങ്ങുന്നു. ഇതുസംബന്ധിച്ച് ജീവനക്കാര്‍ ഡിപ്പോ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകുന്നില്ല. മഴക്കാലത്ത് ബസുകളുടെ വൈപ്പര്‍ തകരാറിലായാല്‍പോലും സര്‍വിസ് മുടങ്ങുന്ന സ്ഥിതിയാണ്. ആരംഭകാലം മുതല്‍ പത്തനാപുരം ഡിപ്പോയെ അധികാരികള്‍ അവഗണിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ ഇതര ഡിപ്പോകളില്‍ പുതിയ ബസുകള്‍ അനുവദിക്കുമ്പോഴും മലയോര മേഖലയിലേക്ക് സര്‍വിസ് നടത്തുന്ന പത്തനാപുരം ഡിപ്പോ മാത്രം പഴഞ്ചന്‍ ബസുകളുമായി ഇഴയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.