നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് തൊഴിലാളിക്ക് പരിക്ക്

പത്തനാപുരം: നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് തൊഴിലാളിക്ക് പരിക്ക്. പിറവന്തൂര്‍ പഞ്ചായത്തിലെ കുരിശുമുക്ക് വലിയറപച്ച പാലമാണ് തകര്‍ന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷനെ(55) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. പതിനഞ്ച് ദിവസം മുമ്പാണ് പാലത്തിന്‍െറ തൂണുകളെ ബന്ധിപ്പിച്ച് കോണ്‍ക്രീറ്റ് ബീം നിര്‍മിച്ചത്. ഇതിന്‍െറ തട്ടുകള്‍ ഇളക്കുന്നതിനിടെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ഇളകിവീഴുകയായിരുന്നു. അരവിന്ദാക്ഷന് ഒപ്പമുണ്ടായിരുന്നവര്‍ ഓടി മാറി. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വലിയ കോണ്‍ക്രീറ്റ് കഷണങ്ങള്‍ നീക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന എക്സ്കവേറ്റര്‍ എത്തിച്ചാണ് അരവിന്ദാക്ഷനെ പുറത്തെടുത്തത്. പതിനഞ്ച് മിനിറ്റിലധികം ഇദ്ദേഹം അവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ടുപോയിരുന്നു. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ജനുവരി ആദ്യവാരമാണ് പാലം നിര്‍മാണം ആരംഭിച്ചത്. കരിപ്പാംതോടിനുകുറുകെ പത്ത് ലക്ഷം വിനിയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. പുന്നല സ്വദേശിയാണ് നിര്‍മാണം ഏറ്റെടുത്തിരുന്നത്. പ്രാരംഭപ്രവര്‍ത്തനങ്ങളെചൊല്ലി തുടക്കത്തിലേ പരാതികള്‍ ഉയര്‍ന്നിരുന്നു. അപകടസ്ഥലം പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.