വീടുകളുടെ ടെറസ് കേന്ദ്രീകരിച്ച് മോഷണം; അഞ്ചംഗ സംഘം പിടിയില്‍

ഇരവിപുരം: ആളൊഴിഞ്ഞ വീടുകളുടെ ടെറസിന് മുകളില്‍ തമ്പടിച്ച് മോഷണം നടത്തിവന്ന അഞ്ചംഗസംഘം ഇരവിപുരം പൊലീസിന്‍െറ പിടിയിലായി. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. മോഷണമുതലുകള്‍ കണ്ടെടുക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. പാലത്തറ ബൈപാസിനടുത്ത് പഴയ ക്രഷറിനുസമീപം തൊടിയില്‍ കിഴക്കതില്‍ അഭിജിത്ത് (18), ഇടവ കാപ്പില്‍ പതിനെട്ടാംപടിക്കുസമീപം കൊച്ചാലില്‍ തൊടിയില്‍ ഷാഹുല്‍ ഹമീദ് (18), കൊട്ടിയം സിത്താര ജങ്ഷനുസമീപം വാടകക്ക് താമസിക്കുന്ന ഷാരൂഖാന്‍ (18) എന്നിവരും കുട്ടികളും ഉള്‍പ്പെട്ട അഞ്ചുപേരാണ് പിടിയിലായത്. തട്ടാമല മാര്‍ക്കറ്റിനുസമീപം ഒരു ഡോക്ടറുടെ ആളൊഴിഞ്ഞ വീടിനുമുകളില്‍ തമ്പടിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. ഇവിടെനിന്ന് കശുവണ്ടിപ്പരിപ്പ്, മുന്തിയ ഇനത്തില്‍പെട്ട പാക്കറ്റ് കണക്കിന് മിഠായികള്‍, ബിസ്കറ്റുകള്‍, ശീതളപാനിയങ്ങള്‍ എന്നിവ കണ്ടെടുത്തു. ഡോക്ടറുടെ വീടിനുമുകളില്‍ സാമൂഹികവിരുദ്ധ സംഘം തമ്പടിക്കുന്നതായി പരിസരവാസികളായ വീട്ടമ്മമാര്‍ പൊലീസിനെ അറിയിച്ചതിനെതുടര്‍ന്നാണ് പരിശോധന നടത്തിയത്. പൊലീസ് എത്തുമ്പോള്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മറ്റ് രണ്ടുപേരെക്കുറിച്ച് വിവരം ലഭിച്ചത്. തട്ടാമല സ്കൂളില്‍നിന്ന് ലാപ്ടോപ്പും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും തട്ടാമല ജങ്ഷനിലെ കടയില്‍നിന്ന് സ്റ്റേഷനറി സാധനങ്ങളും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും ഉള്‍പ്പെടെ 15000ഓളം രൂപയുടെ സാധനങ്ങളും മോഷ്ടിച്ചത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയില്‍ വാഴപ്പള്ളി ജങ്ഷനുസമീപം പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസിന്‍െറ ഗ്ളാസ് തകര്‍ത്ത് സ്റ്റീരിയോ, ആംപ്ളിഫയര്‍ തുടങ്ങിയവ മോഷ്ടിച്ചത് ഇവരില്‍ രണ്ടുപേരായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ലാപ്ടോപ് സൂക്ഷിച്ചിരുന്ന പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടത്തൊനായില്ല. പരവൂരിലെ വീട്ടിലാണെന്ന് പറഞ്ഞതോടെ ഇങ്ങോട്ടുള്ള യാത്രാമധ്യേയാണ് ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എസ്.ഐമാരായ രതീഷ്, ഷിബിന്‍, ഭുവനചന്ദ്രന്‍ ഉണ്ണിത്താന്‍, എ.എസ്.ഐ താഹ, ജോയ് ആല്‍ബര്‍ട്ട്, സീനിയര്‍ സി.പി.ഒ റോജി എന്നിവരടങ്ങിയ സംഘം പരിസരമാകെ പരിശോധിച്ച് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായവരുടെ പേരില്‍ ജില്ലയിലെ മറ്റേതെങ്കിലും സ്റ്റേഷനില്‍ കേസുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടിക്കുറ്റവാളികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയും മറ്റുള്ളവരെ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.