ആണ്ടാമുക്കത്ത് ചെരിപ്പ് ഗോഡൗണില്‍ വന്‍ തീപിടിത്തം; 10 ലക്ഷത്തിന്‍െറ നഷ്ടം

കൊല്ലം: ആണ്ടാമുക്കത്ത് ചെരിപ്പ് ഗോഡൗണിന് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. തീ അണയ്ക്കുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 10.30ഓടെ പായിക്കട റോഡിലെ മജസ്റ്റിക് ഫുട്വെയറിന്‍െറ ആണ്ടാമുക്കത്തെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. രൂക്ഷമായ ദുര്‍ഗന്ധത്തിനൊപ്പം ഗോഡൗണായി ഉപയോഗിക്കുന്ന വീടിന്‍െറ ജനലുകള്‍ കത്തിവീഴുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ ഫയര്‍ സ്റ്റേഷനുകളിലെ അമ്പതോളം ഉദ്യോഗസ്ഥര്‍ എട്ട് യൂനിറ്റ് വാഹനങ്ങളുമായി മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. വീടിന്‍െറ എല്ലാ മുറികളിലും സൂക്ഷിച്ചിരുന്ന ചെരിപ്പുകളിലേക്ക് ഒരേ സമയം തീ പടരുകയായിരുന്നു. റബര്‍ ചെരിപ്പുകള്‍ കത്തിയതിനെ തുടര്‍ന്നുണ്ടായ പുക മൂലം തുടക്കത്തില്‍ ഫയര്‍ഫോഴ്സിന് മുറികളിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ടായി. പിന്നീട് കെട്ടിടത്തിന്‍െറ പലഭാഗത്തെയും ഭിത്തികളും മറ്റും തകര്‍ത്താണ് അഗ്നിശമന സേനാംഗങ്ങള്‍ അകത്തുകയറി തീ നിയന്ത്രണവിധേയമാക്കിയത്. ഇവര്‍ സമയോചിതമായി ഇടപെട്ടതിനാലാണ് ഗോഡൗണിന് സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നത്. ഓടിട്ട വീടിന്‍െറ മേല്‍ക്കൂരയും തടിത്തട്ടും ചെരിപ്പുകള്‍ക്കൊപ്പം പൂര്‍ണമായും കത്തിനശിച്ചു. അഞ്ചുമുറികളിലും ഒരു ഹാളിലുമായി സൂക്ഷിച്ച ചെരിപ്പുകളാണ് കത്തിനശിച്ചത്. വീടിനുണ്ടായ നാശനഷ്ടങ്ങളും ചെരിപ്പുകള്‍ കത്തിനശിച്ചതും ചേര്‍ത്താണ് ഏകദേശം10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അറിയിച്ചത്. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സിനെ സഹായിക്കുന്നതിനിടെ മേല്‍ക്കൂരയിലെ തടിക്കഷണം വീണ് ജോനകപ്പുറം സ്വദേശി മുഹമ്മദ് റാഫിയുടെ (26) മൂക്കിന് സാരമായി പരിക്കേറ്റു. ഗോഡൗണിന്‍െറ മതില്‍ക്കെട്ടിനുള്ളില്‍ രാവിലെ ചപ്പുചവറുകളും പുല്ലുകളും കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതില്‍നിന്നാകും ഗോഡൗണിലേക്ക് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. കുന്ദംകുളം സ്വദേശി ടി.വി. സാമുവിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ഫുട്വെയറും ഗോഡൗണും. ചാമക്കട സ്റ്റേഷന്‍ ഓഫിസര്‍ ഡി. ഉല്ലാസ്, ചവറ സ്റ്റേഷന്‍ ഓഫിസര്‍ ഗോപകുമാര്‍, കടപ്പാക്കട അസി. സ്റ്റേഷന്‍ ഓഫിസര്‍ പ്രസന്നന്‍പിള്ള, കുണ്ടറ അസി. സ്റ്റേഷന്‍ ഓഫിസര്‍ അനിയന്‍കുഞ്ഞ്, ലീഡിങ് ഫയര്‍മാന്‍ മുരളീധരക്കുറുപ്പ്, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കൊപ്പം നാട്ടുകാരും പരിശ്രമിച്ച് ഉച്ചക്ക് ഒന്നരയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. മേയര്‍ വി. രാജേന്ദ്രബാബു, ആര്‍.ടി.ഒ വിശ്വനാഥന്‍ എന്നിവരും ഈസ്റ്റ് പൊലീസും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.