വിദ്യാര്‍ഥിനികള്‍ക്ക് കണ്‍സെഷന്‍ നല്‍കിയില്ല: യാത്രികരും തൊഴിലാളികളും തമ്മില്‍ വാക്കേറ്റം

ഓയൂര്‍: ഓയൂരില്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്വകാര്യബസുകളില്‍ കണ്‍സെഷന്‍ നല്‍കുന്നില്ളെന്ന് പരാതി. ഓയൂര്‍-അഞ്ചല്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകളാണ് കണ്‍സെഷന്‍ നല്‍കാത്തത്. വൈകീട്ട് ഏഴുവരെ കണ്‍സെഷന്‍ നല്‍കണമെന്ന് ആര്‍.ടി.ഒയുടെ നിര്‍ദേശമുണ്ടെങ്കിലും ട്യൂഷന്‍ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥിനികളെ ഇറക്കിവിടുന്നെന്ന പരാതിയാണുള്ളത്. പെണ്‍കുട്ടികളെ ബസില്‍നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് യാത്രികരും ബസ് തൊഴിലാളികളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇവരെ ബസില്‍ തിരികെ കയറ്റി ഹാഫ്ടിക്കറ്റ് നല്‍കിയാണ് സര്‍വിസ് പുനരാരംഭിച്ചത്. ഓടനാവട്ടം, വെളിയം, പൂയപ്പള്ളി, ഓയൂര്‍ ജങ്ഷനുകളില്‍ സ്വകാര്യബസുകള്‍ നിര്‍ത്താതെ 200 മീറ്റര്‍ അകലെയാണ് യാത്രികരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഒരുമാസം മുമ്പ് പൂയപ്പള്ളിയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്ത കണ്ടക്ടറുടെ ലൈസന്‍സ് ആര്‍.ടി.ഒ റദ്ദ് ചെയ്തിരുന്നു. റൂട്ടില്‍ 37 സ്വകാര്യബസും 15 കെ.എസ്.ആര്‍.ടി.സി ബസും സര്‍വിസ് നടത്തുന്നുണ്ട്. വേണാട് ചെയിന്‍ സര്‍വിസില്‍ വിദ്യാര്‍ഥികള്‍ക്ക് എസ്.ടി നല്‍കണമെന്നാവശ്യപ്പെട്ട് ഓയൂര്‍ സ്വദേശിനി മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.