ദലിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് അറുതിവരുത്തണം –പി. രാമഭദ്രന്‍

കൊല്ലം: ഗോ സംരക്ഷണത്തിന്‍െറ മറവിലും ജാതീയ ഉച്ചനീചത്വത്തിന്‍െറ പേരിലും ദലിതര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതി വരുത്തിയില്ളെങ്കില്‍ ഇന്ത്യ വന്‍ അരാജകത്വത്തിലേക്ക് തളളപ്പെടുമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്‍റ് പി. രാമഭദ്രന്‍. കേരള ദലിത് യുവജന ഫെഡറേഷന്‍ (കെ.ഡി.വൈ.എഫ്) സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ചിക്മഗളൂരില്‍ ഒരു സംഘം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസ് നോക്കി നില്‍ക്കെയാണ് അഞ്ച് ദലിതരെ അവരുടെ വീടുകളില്‍ ക്രൂരമായി മര്‍ദിച്ചവശരാക്കിയത്. ഗുജറാത്തിലെ ഗിര്‍സോമനാഥ് ജില്ലയില്‍ ദലിത് യുവാക്കളെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിനോടൊപ്പം ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അമ്രേലി ജില്ലയിലെ രജുലയില്‍ അഞ്ച് ദലിതരെ രണ്ട് മണിക്കൂറിലധികം കമ്പിവടി കൊണ്ടാണ് അടിച്ച് പരിക്കേല്‍പിച്ചത്. കര്‍ണാടകയിലും വ്യാപകമായ അതിക്രമങ്ങളാണ് നടന്നത്. മംഗലാപുരത്ത് പണിയെടുത്തതിന്‍െറ കൂലി ചോദിച്ചതിന് ദലിത് വിഭാഗത്തില്‍പെട്ട ഒരാളിന്‍െറ കൈവെട്ടിയെടുത്തത് സമീപകാലത്താണ്. ഇന്ത്യയിലെ വിവിധ ദലിത് പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളില്‍ കെ.ഡി.എഫ് പങ്കാളികളാകും. അതിനുള്ള പ്രവര്‍ത്തനപരിപാടികള്‍ 13,14 തീയതികളില്‍ ജില്ലയിലെ കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷന്‍ സെന്‍ററില്‍ നടത്തുന്ന കെ.ഡി.എഫിന്‍െറ സംസ്ഥാന നേതൃക്യാമ്പ് രൂപം നല്‍കുമെന്ന് രാമഭദ്രന്‍ പറഞ്ഞു. സമ്മേളനത്തില്‍ കെ.ഡി.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ബോബന്‍ ജി.നാഥ് അധ്യക്ഷത വഹിച്ചു. ടി.പി. ഭാസ്കരന്‍, എ. രതീഷ്, ദേവദാസ് കുതിരാടം, സുബ്രഹ്മണ്യന്‍ പാണ്ടിക്കാട്, രതീഷ് നിറമരുതൂര്‍, രമേശ് കൊണ്ടോട്ടി, ഷൈജു കരിഞ്ചപ്പാടി, ടി. വിനോയി, കെ. പ്രസാദ്, സുനില്‍ പൂളേങ്കര, എം. ബിനാന്‍സ്, പി.ടി. ജനാര്‍ദനന്‍, എ. ഹരിദാസന്‍ മാസ്റ്റര്‍, കെ. മദനന്‍, പി.ജി. പ്രകാശ്, കെ. ആര്‍. ആറുമുഖന്‍, എ.കെ. വേലായുധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.