കൊല്ലം: ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്പെഷാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊല്ലം ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ ആശുപത്രി വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ കെട്ടിപ്പൊക്കുന്നതിലുപരി സാധ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ശ്രമിക്കണം. ആശുപത്രിയെ പ്രകൃതിസൗഹൃദമാക്കുകയാണ് ലക്ഷ്യം. ഇതിനായി മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി നല്‍കിയാല്‍ അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കും. കഴിഞ്ഞസര്‍ക്കാര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ആശുപത്രികളുടെ ഗ്രേഡ് ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. തസ്തികയോ ചികിത്സാസൗകര്യമോ ഏര്‍പ്പെടുത്താതെയുള്ള ഇത്തരം തീരുമാനം കൊണ്ട് ഗുണത്തേക്കാളുപരി ദോഷമാണ് ഉണ്ടായത്. പോസിറ്റിവ് എനര്‍ജി നല്‍കുന്ന അന്തരീക്ഷമാണ് ആശുപത്രികള്‍ക്കുണ്ടാകേണ്ടത്. ഇടുങ്ങിയ മുറികളും ഇരുട്ടുനിറഞ്ഞ ഇടനാഴികളും ലിഫ്റ്റും ആധുനികസമൂഹത്തിന് യോജിച്ചതല്ല. ആശുപത്രി വികസന ഫണ്ടും സംഭാവനകളും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും ഫലപ്രദമായി വിനിയോഗിക്കണം. കൊല്ലം ജില്ലാ ആശുപത്രിയുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി മെഡിക്കല്‍ മേഖലയിലെ പരിചയസമ്പന്നരായ കണ്‍സള്‍ട്ടന്‍സികളെക്കൊണ്ട് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിനുനല്‍കണം. നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് ആറുമാസത്തിനുള്ളില്‍ ഡോക്ടര്‍മാരെ നിയമിക്കും. ഡോക്ടര്‍മാരെ കിട്ടാത്തത് വലിയ പ്രതിസന്ധിയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പി.ജി കഴിഞ്ഞവര്‍ കുറഞ്ഞത് മൂന്നുവര്‍ഷം സംസ്ഥാനത്ത് സേവനമനുഷ്ഠിക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കും. ആശുപത്രി മാനേജ്മെന്‍റ് കമ്മറ്റിയും ജീവനക്കാരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ 1961ലെ സ്റ്റാഫ് പാറ്റേണാണ് നിലനില്‍ക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഉഷാകുമാരി പറഞ്ഞു. ആശുപത്രിയില്‍ 537 കിടക്കകളാണുള്ളത്. അതിലേറെ രോഗികളാണ് ഐ.പിയില്‍ വരുന്നത്. കാര്‍ഡിയോളജി ഐ.സി.യുവില്‍ പത്ത് കിടക്ക കൂടി അനുവദിക്കണം. ഐ.സി.യു ആംബുലന്‍സ് ഇല്ലാത്തത് വലിയ പരിമിതിയാണ്. റേഡിയേഷന്‍ ചികിത്സാ സൗകര്യമില്ല. ചികിത്സക്കത്തെുന്ന ജില്ലാ ജയിലിലെ തടവുകാരെ പാര്‍പ്പിക്കാന്‍ പ്രത്യേക സെല്‍ നിര്‍മിക്കണം. ഫാര്‍മസിക്കുവേണ്ടി ആധുനിക സ്റ്റോറും കൗണ്ടറും വേണം. മോര്‍ച്ചറി നവീകരിക്കണമെന്നും ന്യൂറോളജി വിഭാഗം ആരംഭിക്കണമെന്നും ഉഷാകുമാരി പറഞ്ഞു. ആശുപത്രിയുടെ വികസനപ്രവര്‍ത്തനത്തിന് എല്ലാവിധ ശ്രദ്ധയും ജില്ലാ പഞ്ചായത്ത് പുലര്‍ത്തുന്നുണ്ടെന്ന് പ്രസിഡന്‍റ് കെ. ജഗദമ്മ പറഞ്ഞു. ആശുപത്രി മാലിന്യസംസ്കരണത്തിന് അടിയന്തരസംവിധാനമൊരുക്കണമെന്ന് മേയര്‍ വി. രാജേന്ദ്രബാബു പറഞ്ഞു. മലിനജലം അഷ്ടമുടി കായലിലേക്ക് ഒഴുക്കിവിടുന്നത് അവസാനിപ്പിക്കണം. അര്‍ബുദചികിത്സക്ക് രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ള പറഞ്ഞു. കാര്‍ഡിയോളജി ഡോക്ടറുടെ പൂര്‍ണസേവനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ അര്‍ബുദരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓങ്കോളജി ഐ.സി.യുവും വാര്‍ഡും അടിയന്തരമായി ആരംഭിക്കണമെന്ന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗം കെ. ബി. അജയകുമാര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയെ മെച്ചപ്പെട്ട നിലയിലാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുമെന്ന് എം. മുകേഷ് എം.എല്‍.എ പറഞ്ഞു. ഡി.എം.ഒ വി.വി. ഷേര്‍ലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജൂലിയറ്റ് നെല്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍, പാലിയേറ്റിവ് കെയര്‍ യൂനിറ്റ്, വിക്ടോറിയ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവ സന്ദര്‍ശിച്ചശേഷമാണ് മന്ത്രി മടങ്ങിയത്. ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം വേഗത്തില്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.