മദ്യലഹരിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍; റെയില്‍വേ ജീവനക്കാരന് മര്‍ദനം

കൊല്ലം: വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് സൈക്കിളില്‍ യാത്ര ചെയ്ത റെയില്‍വേ ജീവനക്കാരനെ മദ്യലഹരിയിലായ എക്സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു. റെയില്‍വേ ടെലികമ്യൂണിക്കേഷന്‍ വിഭാഗം സീനിയര്‍ ടെക്നീഷ്യന്‍ പരവൂര്‍ കലയ്ക്കോട് തൊടിയില്‍ വീട്ടില്‍ എസ്. പവിത്രനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ചല്‍ എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്‍റിവ് ഓഫിസര്‍ ഉമേഷ് കുമാറിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് 3.30ഓടെ ക്യു.എ.സി റോഡിലായിരുന്നു സംഭവം. ക്വാര്‍ട്ടേഴ്സില്‍നിന്ന് ജോലിക്കായി സൈക്കിളില്‍ വരുകയായിരുന്ന പവിത്രന്‍ വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബൈക്കിലത്തെിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്. തൊട്ടടുത്ത റെയില്‍വേ ക്വാര്‍ട്ടേഴ്സിലേക്ക് ഓടിയ പവിത്രനെ പിന്‍തുടര്‍ന്ന് ആക്രമിച്ചു. തലക്കും നെഞ്ചിനും അടിയേറ്റ് കുഴഞ്ഞുവീണ പവിത്രനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ തടഞ്ഞുവെക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ രക്ഷപ്പെട്ടു. ഉമേഷ്കുമാറിനെ ഈസ്റ്റ് പൊലീസിനു കൈമാറുകയായിരുന്നു. ഉദ്യോഗസ്ഥര്‍ മദ്യലഹരിയിലായിരുന്നെന്ന് എസ്.ഐ യു.പി. വിപിന്‍കുമാര്‍ വ്യക്തമാക്കി. ഉമേഷ് കുമാറിനെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.