വനിതാസംഘത്തിന്‍െറ പേരില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം പൊലീസ് പൊളിച്ചു

കൊട്ടിയം: വനിതാസംഘത്തിന്‍െറ പേരില്‍ സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന് ബാങ്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. വനിതാ കണ്‍വെന്‍ഷന്‍ വിളിച്ച് രജിസ്ട്രേഷന്‍ ഫീസായി പണവും രേഖകളും വാങ്ങി തട്ടിപ്പ് നടത്താനുള്ള നീക്കമാണ് പൊലീസ് പൊളിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെ കൊട്ടിയം ജങ്ഷനിലെ ഓഡിറ്റോറിയത്തില്‍ കണ്‍വെന്‍ഷനായി നൂറുകണക്കിന് സ്ത്രീകള്‍ എത്തിയിരുന്നു. കേരള ദ്രാവിഡ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ചിരിക്കുന്ന വേണാട് വനിതാ സംഘത്തിന്‍െറ പേരിലായിരുന്നു കണ്‍വെന്‍ഷന്‍. മുന്‍ പി.എസ്.സി അംഗം അഡ്വ. രാജേന്ദ്രപ്രസാദായിരുന്നു ഉദ്ഘാടകന്‍. ഉദ്ഘാടനം കഴിഞ്ഞ് വനിതാസംഘം രക്ഷാധികാരി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ ഓഡിറ്റോറിയത്തിന് പുറത്ത് തിങ്ങിക്കൂടിയ സ്ത്രീകള്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും ഫോട്ടോയും സംഘത്തിന്‍െറ പ്രമോട്ടര്‍ക്ക് കൈമാറുന്നത് ശ്രദ്ധയില്‍പെട്ട പൊലീസിന്‍െറ രഹസ്യന്വേഷണവിഭാഗം ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടത്തെിയത്. വനിതാസംഘത്തിന്‍െറ കീഴില്‍ ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് ഓരോ ഗ്രൂപ്പിലെ അംഗങ്ങളില്‍നിന്ന് 250 രൂപ വീതം വാങ്ങാനായിരുന്നു പ്രമോട്ടര്‍ ലക്ഷ്യമിട്ടിരുന്നതത്രെ. എന്നാല്‍, കൊട്ടിയം എസ്.ഐ ആര്‍. ഫയാസ്, എസ്.ഐ അജേഷ്, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ഷാജഹാന്‍ എന്നിവര്‍ സംഘാടകരോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും തങ്ങള്‍ ആരെയും പണം പിരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ളെന്നായിരുന്നു മറുപടി. അതേസമയം പ്രമോട്ടറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മണ്‍റോതുരുത്ത്, പരവൂര്‍, കൊട്ടിയം, ചാത്തന്നൂര്‍, കണ്ണനല്ലൂര്‍, കുണ്ടറ എന്നിവിടങ്ങളില്‍നിന്നാണ് സ്ത്രീകള്‍ എത്തിയത്. സ്വയംതൊഴിലിന് ലോണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.