കൊട്ടാരക്കരയില്‍ റോഡ് കൈയേറി നിര്‍മിച്ച കടമുറി നാട്ടുകാര്‍ പൊളിച്ചുനീക്കി

കൊട്ടാരക്കര: കൈയേറ്റക്കാര്‍ക്കെതിരെ കൊട്ടാരക്കരയില്‍ ജനകീയ ബദല്‍. എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിച്ച് കൈയേറി നിര്‍മിച്ച കടമുറി പൊളിച്ചുനീക്കി. ഇന്നലെ രാവിലെ മുതല്‍ പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും കടമുറി പൊളിച്ചുമാറ്റാന്‍ ഉടമ തയാറാകാതിരുന്നതോടെയാണ് നാട്ടുകാര്‍ കടമുറി പൊളിച്ചുനീക്കിയത്. പഴയ കൊല്ലം ചെങ്കോട്ട റോഡിലെ വിവാദമായ കടയാണ് നാട്ടുകാര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. റോഡ് കൈയേറി കെട്ടിടം നിര്‍മിച്ചതുമൂലം പുലമണില്‍നിന്ന് നിസാ ഓഡിറ്റോറിയത്തിന്‍െറ ഭാഗത്ത് എന്‍.എച്ചില്‍ എത്തുന്ന സമാന്തര റോഡ് തന്നെ അപ്രത്യക്ഷമായിരുന്നു. കൈയേറ്റത്തിനെതിരെ വര്‍ഷങ്ങളായി കേസ് നടക്കുകയാണ്. അടുത്ത സമയത്താണ് കേസ് നാട്ടുകാര്‍ക്ക് അനുകൂലമായി കോടതി വിധിച്ചത്. തുടര്‍ന്ന് പല തവണ എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് കട പൊളിച്ചുനീക്കി റോഡ് ഗതാഗതയോഗ്യമാക്കാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതിന് കടയുടമ തയാറായില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ എം.എല്‍.എ, കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്‍റ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും എല്ലാ പാര്‍ട്ടിയിലെയും മണ്ഡലതല നേതാക്കളും നേതൃത്വത്തില്‍ വിവാദ കടമുറി പൊളിച്ചുനീക്കാന്‍ നാട്ടുകാര്‍ എത്തി. ഉടമ വഴങ്ങാത്തതിനെ തുടര്‍ന്ന് കടയുടെ ഷട്ടര്‍ ബലം പ്രയോഗിച്ച് സമരക്കാര്‍ അടച്ചു. ഇതോടെ എസ്.ഐയുടെ നേതൃത്വത്തില്‍ പിന്നെയും ചര്‍ച്ചകള്‍ നടന്നെങ്കിലും ഉടമ വഴങ്ങിയില്ല. നാലുമണിവരെ സമരക്കാര്‍ സമയം നീട്ടിനല്‍കിയെങ്കിലും പരിഹാരം ആവാത്തതിനെ തുടര്‍ന്ന് കടപൊളിക്കാന്‍ സന്നദ്ധരാകുകയായിരുന്നു. റോഡ് യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി എം.എല്‍.എ ഫണ്ടില്‍നിന്ന് ഒന്നരകോടി രൂപ മുടക്കി പുലമണ്‍ തോടിന് കുറുകെ പാലം നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പാലവും സമാന്തരറോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് തടസ്സമായിരുന്നത് ഈ കെട്ടിടമാണ്. സമരത്തിന് എം.എല്‍.എ ഐഷാപോറ്റി, പഞ്ചായത്ത് പ്രസിഡന്‍റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത്, ബി.ജെ.പി മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ്, ജില്ലാ വൈസ് പ്രസിഡന്‍റ് കണ്ണാട്ട് രാജു, അണ്ടൂര്‍ രാധാകൃഷ്ണന്‍, പുലമണ്‍ ശ്രീരാജ്, എം. വിജയന്‍, സി.പി.എം നേതാക്കളായ എം. ബേബി, എസ്.ആര്‍. രമേശ്, സി. മുകേഷ്, സി.പി.ഐ നേതാക്കളായ എ.എസ്. ഷാജി, എ. മന്മഥന്‍നായര്‍, രാമകൃഷ്ണപിള്ള, ഉണ്ണികൃഷ്ണമേനോന്‍, വിവിധ പാര്‍ട്ടി നേതാക്കളായ വി. ഫിലിപ്പ്, സരസന്‍ കൊട്ടാരക്കര, അഡ്വ. കെ.വി. രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.