സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു

ആയൂര്‍: കണ്‍സഷന്‍ നിഷേധിച്ചത് ചോദ്യം ചെയ്തതിന്് സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെ പോരേടം ഗണപതിനടയിലായിരുന്നു സംഭവം. കഴിഞ്ഞദിവസം പോരേടം വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളെ കണ്‍സഷന്‍ നല്‍കാതെ വെള്ളൂപ്പാറ മുമ്മൂലഭാഗത്ത് ഇറക്കിവിട്ടിരുന്നു. സംഭവം സ്കൂള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പി.ടി.എയും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസുടമയെയും ജീവനക്കാരെയും സ്കൂള്‍ പി.ടി.എ അധികൃതരെയും സ്റ്റേഷനില്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ ബസുടമയും ജീവനക്കാരും എത്തിയില്ല. പള്ളിക്കല്‍ ചടയമംഗലം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ജനത ബസ് ജീവനക്കാരാണ് വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നിഷേധിച്ചത്. സംഭവത്തില്‍ പ്രദേശത്ത് ജനരോഷം ശക്തമായിരുന്നു. വ്യാഴാഴ്ച ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഈ സമയം ബസിലുണ്ടായിരുന്ന ബസുടമ ഏര്‍പ്പെടുത്തിയ പത്തോളം വരുന്ന അക്രമിസംഘം വിദ്യാര്‍ഥികളെ നീയൊക്കെ ഞങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമോയെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. നാട്ടുകാര്‍ സംഘടിച്ചതിനെതുടര്‍ന്ന് ഓടി രക്ഷപ്പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.