ആയുര്‍വേദാശുപത്രിയുടെ മറവില്‍ സമ്പന്നര്‍ക്ക് സുഖചികിത്സ

കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ മറവില്‍ അനധികൃത യോഗയും മര്‍മാണി ‘സുഖ ചികിത്സ’യും. പരിശോധനക്കത്തെിയ മെഡിക്കല്‍ ഓഫിസര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. ആശ്രാമത്തെ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ സ്വകാര്യവ്യക്തി ഏറ്റെടുത്ത് നടത്തുന്ന പ്രകൃതി ഭക്ഷണശാലയായ ഊട്ടുപുരക്കുള്ളിലാണ് സമ്പന്നര്‍ക്ക് യോഗയും സുഖചികിത്സയും നടക്കുന്നത്. പുലര്‍ച്ചെ മുതല്‍ രാവിലെ എട്ടുമണിവരെ അടച്ചിട്ട ഊട്ടുപുരക്കകത്താണ് സ്ത്രീകളടക്കമുള്ളവര്‍ക്ക് ഇവ നടക്കുന്നത്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. അജിതാ റാണി ആശുപത്രിയില്‍ പരിശോധനക്കത്തെിയത്. ആശുപത്രി പരിസരം മുഴുവന്‍ വന്‍കിട കാറുകള്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ട ഡി.എം.ഒ വാര്‍ഡില്‍ പരിശോധന നടത്തിയെങ്കിലും വിരലിലെണ്ണാവുന്ന രോഗികളെയേ കണ്ടുള്ളൂ. തുടര്‍ന്ന് സമീപത്തെ ഭക്ഷണശാലയായ ഊട്ടുപുര അടഞ്ഞുകിടക്കുന്നതില്‍ സംശയം തോന്നുകയും അവിടേക്ക് ചെല്ലുകയുമായിരുന്നു. എന്നാല്‍, ഡി.എം.ഒ വാതിലുകളിലും ജനലുകളിലും മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് കതക് തുറക്കുംവരെ അവര്‍ പുറത്തുനിന്നു. 8.20ഓടെ കതക് തുറന്ന് സ്ത്രീകളടക്കമുള്ളവര്‍ പുറത്തേക്കിറങ്ങി കാറുകളില്‍ കയറിപ്പോകാന്‍ തുടങ്ങി. കാര്യം വിശദമായി ചോദിച്ചതോടെയാണ് എന്നും ഇവിടെ യോഗയും സുഖചികിത്സയും നടക്കുന്നുണ്ടെന്ന് പുറത്തറിയുന്നത്. ഊട്ടുപുരക്കുള്ളില്‍ കയറിയ ഡി.എം.ഒയെ ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ആയുര്‍വേദാശുപത്രിയുടെ മറവില്‍ നടക്കുന്ന വ്യാജ യോഗയും സുഖചികിത്സയും യാതൊരു കാരണവശാലും അനുവദിക്കില്ളെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഇതിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കുമെന്ന് ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.