പൂക്കുന്നിമല കുടിവെള്ള പദ്ധതി ഉദ്ഘാടനം വൈകുന്നു

പത്തനാപുരം: പൂക്കുന്നിമല കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം നീളുന്നു. 2011ല്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാല്‍, ഇനിയും പദ്ധതി യാഥാര്‍ഥ്യമാക്കാനായിട്ടില്ല. പട്ടാഴി പൂക്കുന്നിമലയിലാണ് പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. കല്ലടയാറ്റില്‍ കിണര്‍ സ്ഥാപിക്കുകയും അതില്‍നിന്ന് ജലം പൂക്കുന്നിമലയുടെ അടിവാരത്തുള്ള ശുദ്ധീകരണ പ്ളാന്‍റില്‍ എത്തിക്കാനുമായിരുന്നു പദ്ധതി. അവിടെനിന്ന് മലയുടെ മുകളില്‍ ഉള്ള ടാങ്കില്‍ എത്തിച്ച് വിതരണം ചെയ്യും. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ കടുവാത്തോട്ടിലും ജലസംഭരണി സ്ഥാപിച്ചു. 90 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് പൂക്കുന്നിമലയില്‍ നിര്‍മിച്ചത്. പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ പഞ്ചായത്തുകള്‍ക്കാണ് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലൂടെ ജലം എത്തിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മൈലം പഞ്ചായത്തിനെയും ഭാഗമാക്കി ഗാര്‍ഹിക കണക്ഷനുകളും നല്‍കും. 36 കോടി രൂപയായിരുന്നു പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 2014 ആഗസ്റ്റില്‍ പദ്ധതി കമീഷന്‍ ചെയ്യുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് അനുബന്ധമായി പ്രവര്‍ത്തനോദ്ഘാടനം നടക്കുമെന്ന് അറിയിച്ചു. എന്നാല്‍, സമീപത്തെ പാറക്വാറികളുമായി ബന്ധപ്പെട്ടുണ്ടായ നിയമനടപടികള്‍ കാരണം വീണ്ടും വൈകി. ഒടുവില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ട്രയല്‍ റണ്‍ നടത്താന്‍ ലക്ഷ്യമിട്ടു. എന്നാല്‍, പൈപ്പിടലിലുണ്ടായ കാലതാമസം കാരണം അതും നടപ്പായില്ല. പൂക്കുന്നിമലയിലെ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചതിന് പിന്നാലെ മൂന്ന് പഞ്ചായത്തുകളിലെയും ചെറുകിട പദ്ധതികളെല്ലാം പ്രവര്‍ത്തനരഹിതമായി. അറ്റകുറ്റപ്പണികളുടെ അഭാവമാണ് മറ്റ് പദ്ധതികള്‍ നിലയ്ക്കാനുള്ള പ്രധാന കാരണം. ഇതോടെ മൂന്ന് പഞ്ചായത്തുകളിലെയും നിരവധിയാളുകളാണ് ദുരിതത്തിലായി. പലതവണ പദ്ധതി കമീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സമരപരിപാടികളും നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.