കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സഹകരണബാങ്കുകളെ സംബന്ധിച്ച കേസുകളില്‍ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിങ്ങില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ പരാതിപ്രളയം. വയസ്സായവരെ ബാങ്കുകളില്‍ വരുത്തി ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് സഹകരണ ഓംബുഡ്സ്മാന്‍ എ. മോഹന്‍ദാസ് ചോദിച്ചു. വായ്പയെടുത്ത് മൂന്നുദിവസത്തിനകം മരിച്ചയാളുടെ ഇടപാടില്‍നിന്ന് പലിശ ഈടാക്കിയ ബാങ്ക് നടപടിയെ ഓംബുഡ്സ്മാന്‍ വിമര്‍ശിച്ചു. തുടര്‍ന്ന് വായ്പ തീര്‍പ്പാക്കാനും ഉത്തരവിട്ടു. ഉളിയക്കോവില്‍ സ്വദേശിയും അരുണ ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയുമായ പരേതനായ രാജശേഖരന്‍െറ പേരിലുള്ള വായ്പയാണ് തീര്‍പ്പാക്കാന്‍ ഉത്തരവിട്ടത്. ജില്ലാ സഹകരണബാങ്കിന്‍െറ ചാമക്കട ശാഖയില്‍നിന്ന് 2012 ആഗസ്റ്റ് ആറിനാണ് രാജശേഖരന്‍ ഒരു ലക്ഷം രൂപ വായ്പയെടുത്തത്. വായ്പ ലഭിച്ച് മൂന്നാം നാള്‍ രാജശേഖരന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. റിസ്ക് ഫണ്ട് നിയമപ്രകാരം ഈ മൂന്നുദിവസത്തെ പലിശ 132 രൂപയടക്കം 1,00,132 രൂപ കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ബാങ്കിന് ചെക്കായി ലഭിച്ചു. എന്നാല്‍, വായ്പ തീര്‍പ്പാക്കാതെ ബാങ്ക് നിയമനടപടികളുമായി മുന്നോട്ടുപോയി. 29,711 രൂപ പലിശയായി അടയ്ക്കണമെന്നാണ് വിവരാവകാശ നിയമപ്രകാരം ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്നാണ് ഓംബുഡ്സ്മാനെ സമീപിച്ചത്. ഭര്‍ത്താവിന്‍െറ അക്കൗണ്ട് അദ്ദേഹത്തിന്‍െറ സഹോദരി വ്യാജരേഖ ചമച്ച് സ്വന്തമാക്കിയെന്ന കേസില്‍ സിറ്റിങ്ങിന് ഹാജരാകാതിരുന്ന ബാങ്ക് അധികൃതര്‍ക്ക് രജിസ്ട്രേഡ് നോട്ടീസ് അയക്കാന്‍ ഓംബുഡ്മാന്‍ തീരുമാനിച്ചു. കുലശേഖരപുരം സര്‍വിസ് സഹകരണബാങ്കിനാണ് നോട്ടീസ് അയക്കുക. ആദിനാട് തെക്ക് സ്വദേശിനിയായ എണ്‍പത്തൊമ്പതുകാരി ജാനകിയുടെ പരാതിയിലാണ് നടപടി. 96 കേസുകളാണ് തിങ്കളാഴ്ച പരിഗണിച്ചത്. ഇതില്‍ 44 കേസുകള്‍ തീര്‍പ്പാക്കി. വായ്പകളില്‍ ഇളവ് അനുവദിക്കണമെന്നും സാവകാശം നല്‍കണമെന്നുമുള്ള കേസുകളായിരുന്നു കൂടുതലും. അഴിമതി ആരോപണം നിലനില്‍ക്കുന്ന കൊട്ടാരക്കര താമരക്കുടി സര്‍വിസ് സഹകരണബാങ്കിനെ സംബന്ധിച്ച മുപ്പതോളം കേസുകള്‍ ഡിസംബറിലേക്ക് പരിഗണിക്കുന്നതിനായി മാറ്റി. പത്തനംതിട്ട ജില്ലയിലെ അഞ്ചു കേസുകളില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. അടുത്ത സിറ്റിങ് നവംബര്‍ 12ന് നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.