മൂന്നാര്‍ മോഡല്‍ സമരവുമായി നാട്ടുകാര്‍

കൊല്ലം: കുന്നത്തൂര്‍ ഞാങ്കടവ്-പാകിസ്താന്‍ മുക്ക് റോഡ് പുനര്‍നിര്‍മാണത്തിലെ അനാസ്ഥയിലും ക്രമക്കേടിലും പ്രതിഷേധിച്ച് മൂന്നാര്‍ മോഡല്‍ സമരവുമായി നാട്ടുകാര്‍ രംഗത്ത്. 17 മുതല്‍ പാകിസ്താന്‍ മുക്ക് ജംഗ്ഷനില്‍ സമരം ആരംഭിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്‍െറ ആസ്തിയില്‍ ഉള്‍പ്പെട്ട 5.200 കി.മീ റോഡ് പുനര്‍നിര്‍മിക്കാന്‍ 2012-13 ബജറ്റില്‍ 2.27 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന്, പഴയ റോഡ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് പൊളിക്കുകയും ചെയ്തു. തുടര്‍പ്രവര്‍ത്തനമില്ലാതായതോടെ രണ്ടര കി.മീ ടാര്‍ ചെയ്തു. എന്നാല്‍, ആഴ്ചകള്‍ പിന്നിടും മുമ്പെ ടാര്‍ ഇളകി മാറി പഴയപടിയായി. 2014 മേയ് ഏഴിന് പൂര്‍ത്തിയാകേണ്ട റോഡ് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. അനുവദിച്ച തുകയില്‍നിന്ന് 52 ലക്ഷം രൂപ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് വകയിരുത്തിയെങ്കിലും അപകടമേഖലയില്‍ പാര്‍ശ്വഭിത്തിനിര്‍മിക്കാതെ സ്വകാര്യ വ്യക്തികളെ സഹായിക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നിര്‍മാണ പ്രവൃത്തികള്‍ അട്ടിമറിച്ചെന്നും ഭാരവാഹികള്‍ ആരോപിച്ചു. നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയുണ്ടായില്ളെന്നും തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അനുപമ, ചെയര്‍മാന്‍ ഐവര്‍കാല ദിലീപ്, ജനറല്‍ കണ്‍വീനര്‍ എ.ജി. ഹരീന്ദ്രനാഥ്, എസ്. ഹാരിസ്, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി. ദേവരാജന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.