അഞ്ചല്‍ സലീം കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും

കൊല്ലം: അഞ്ചല്‍, ചോരനാട് ഷെമീന മന്‍സിലില്‍ സലീം (37) കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. അഞ്ചല്‍ വടമണ്‍ മുറിയില്‍, ചോരനാട് മലവട്ടം ബാബു വിലാസത്തില്‍ ബാബുവിനെയാണ് (44) കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി -VI ജഡ്ജി എഫ്. അഷീദ ശിക്ഷ വിധിച്ചത്. പിഴയില്‍ ഒരു ലക്ഷം ഭാര്യ ലൈലക്കും 25,000 രൂപ മക്കള്‍ക്കും നഷ്ടപരിഹാരമായി നല്‍കണം. പിഴ ഒടുക്കുന്നതില്‍ പ്രതി വീഴ്ചവരുത്തിയാല്‍ അഞ്ചുവര്‍ഷം കഠിനതടവ് അനുഭവിക്കേണ്ടിവരും. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലക്കുറ്റം) പ്രകാരം ജീവപര്യന്തവും 1.25 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമം 325ാം വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ടു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. 2004 ഡിസംബര്‍ എട്ടിന് വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിവറേജസ് കോര്‍പറേഷന്‍െറ അഞ്ചല്‍ ചില്ലറ മദ്യവില്‍പനശാല സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിന്‍െറ പിന്‍വശമുള്ള സുഷി എന്നയാളുടെ ചായക്കടയിലെ തൊഴിലാളിയായിരുന്നു മരണപ്പെട്ട സലീം. ലോഡിങ് തൊഴിലാളിയായ പ്രതിക്ക് ചായക്കടയിലിരുന്ന് മദ്യപിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാതിരുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഗുരുതരപരിക്കേറ്റ സലീം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 15ന് പുലര്‍ച്ചെ 3.30ന് മരണപ്പെട്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ദൃക്സാക്ഷികള്‍ കൂറുമാറിയ കേസില്‍ മരണപ്പെട്ട സലീം ഭാര്യ ലൈല, സഹോദരന്‍ നാസര്‍, ബന്ധു നൗഷാദ് എന്നിവര്‍ക്ക് നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അഞ്ചല്‍ എസ്.ഐ ആയിരുന്ന ആര്‍. വിജയന്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍െറ അന്വേഷണം നടത്തിയത് അഞ്ചല്‍ സി.ഐ ആയിരുന്ന എസ്.ആര്‍. ജ്യോതിഷ്കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. പി. ശരണ്യ എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.