പിണക്കങ്ങളുടെ പരാതിപ്രളയത്തില്‍ വനിതാ കമീഷന്‍ അദാലത്ത്

കൊല്ലം: വനിതാകമീഷന് മുന്നില്‍ നിസ്സാര സംഭവങ്ങളുടെയും സ്ത്രീധനത്തിന്‍െറയും പടലപ്പിണക്കങ്ങളുടെയും പരാതി പ്രളയത്തിനിടെ സുഹൃത്തിന്‍െറ ചിട്ടി ആവശ്യത്തിനായി നല്‍കിയ വസ്തുവിന്‍െറ പേരില്‍ ജപ്തിഭീഷണി നേരിടുന്ന കുടുംബം നിറകണ്ണുകളോടെ കമീഷന് മുന്നിലത്തെി. അയല്‍വാസിയായ സുഹൃത്തിന് കെ.എസ്.എഫ്.ഇ ചിട്ടി തുക വാങ്ങാനായി ആധാരം നല്‍കിയ കുടുംബമാണ് ചിട്ടി തവണ മുടക്കമായതോടെ ജപ്തി ഭീഷണി നേരിടുന്നത്. ജപ്തി നോട്ടീസ് കൈയില്‍ കിട്ടിയതോടെ ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പരാതിയില്‍ ആരോപണവിധേയനായ ആള്‍ക്ക് നോട്ടീസ് അയക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. ആശ്രാമം ഗെസ്റ്റ്ഹൗസില്‍ വനിതാകമീഷന്‍ അംഗം പ്രഫ. കെ.എ. തുളസിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 89 പരാതികളില്‍ 52 എണ്ണം തീര്‍പ്പായി. 11 കേസുകള്‍ പൊലീസ് റിപ്പോര്‍ട്ടിനായി നല്‍കി. ഹാജരാകാതിരുന്ന ആറ് കേസുകള്‍ നവംബര്‍ അവസാനവാരം നടക്കുന്ന അദാലത്തിലേക്ക് മാറ്റി. വിവാഹേതര ബന്ധങ്ങള്‍ ദമ്പതികള്‍ക്കിടയില്‍ കൂടിവരികയാണന്നും ജില്ലയില്‍ നിന്ന് മൂന്ന് പരാതികള്‍ ലഭിച്ചതായും കമീഷന്‍ അംഗം കെ.എ. തുളസി പറഞ്ഞു. ഇവരെ കൗണ്‍സലിങ്ങിനായി കമീഷന്‍ ഓഫിസിലേക്ക് വിളിച്ചിട്ടുണ്ട്. കമീഷന്‍ ഡയറക്ടര്‍ സാമുവല്‍ ക്രിസ്റ്റി ഡാനിയല്‍, അഭിഭാഷകരായ സല്‍മത്ത്, മിനി, ഷീജ, കമീഷന്‍ ഓഫിസ് സി.ഐ ജോണ്‍സണ്‍, എസ്.ഐ രമണി, വനിതാസ്റ്റേഷന്‍ സി.ഐ സിസിലികുമാരി, എസ്.ഐ അനിത എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.