പാരിപ്പള്ളി മെഡിക്കല്‍ കോളജ് വിഷയം പുകയുന്നു

കൊല്ലം: തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജും പ്രചാരണവിഷയം. ഇ.എസ്.ഐയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതിനെതുടര്‍ന്ന് ഭരണ പ്രതിപക്ഷ നേതാക്കള്‍ പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. കോളജ് ഏറ്റെടുക്കുന്നതിനെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇപ്പോള്‍ വിഷയം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. മുന്‍ തൊഴില്‍ മന്ത്രി കൂടിയായ സി.പി.എം നേതാവ് പി.കെ. ഗുരുദാസന്‍ എം.എല്‍.എ മുഖ്യമന്ത്രിക്കയച്ച കത്തിനെ ചൊല്ലിയാണ് വിവാദം ആരംഭിച്ചത്. തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, ഡി.സി.സി പ്രസിഡന്‍റ് വി. സത്യശീലന്‍ എന്നിവര്‍ പ്രസ്താവനയുമായി രംഗത്തുവന്നു. ഇതിന് മറുപടിയുമായി പി.കെ. ഗുരുദാസനുമത്തെി. പാരിപ്പള്ളി മെഡിക്കല്‍കോളജ് സംബന്ധിച്ച് ഇ.എസ്.ഐ കോര്‍പറേഷനുമായി സര്‍ക്കാറുണ്ടാക്കിയ കരാര്‍ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തുറന്ന പുസ്തകമാണെന്നറിഞ്ഞിട്ടും എം.എല്‍.എ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം വിളിക്കണമെന്ന് മുറവിളികൂട്ടുന്നത് തൊഴിലാളികളോടുള്ള ആത്മാര്‍ഥത കൊണ്ടല്ളെന്നും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുതലെടുക്കാനുള്ള നീക്കമാണെന്നും ഡി.സി.സി പ്രസിഡന്‍റ് വി. സത്യശീലന്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ വസ്തുതകള്‍ മറച്ചുവെക്കാനുള്ള നീക്കമാണെന്ന് എം.എല്‍.എ പറയുന്നു. തൊഴിലാളികളുടെ മാത്രം സമ്പാദ്യത്തില്‍ നിന്നുള്ള 540 കോടിയാണ് മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണത്തിന് വിനിയോഗിക്കുന്നത്. ഇ.എസ്.ഐ കോര്‍പറേഷനുമായി സര്‍ക്കാര്‍ ധാരണപത്രം ഒപ്പിടുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ തൊഴിലാളി സംഘടനകളെ അറിയിച്ച് അംഗീകാരം വാങ്ങിയില്ല. ഒക്ടോബര്‍ 20ന് പാരിപ്പള്ളിയിലും പരിസരത്തുമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രകടനവും പ്രതിഷേധവും നടത്തിയിരുന്നു. 24ന് വീണ്ടും ഈ സ്ഥിതി ആവര്‍ത്തിക്കുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രിക്ക് കത്തയക്കുകയും അദ്ദേഹത്തെ ടെലഫോണില്‍ വിളിച്ച് സ്ഥിതി വിശദീകരിക്കുകയും ചെയ്തത്. ധാരണപത്രത്തിലെ വ്യവസ്ഥകള്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തണമെന്നും അല്ളെങ്കില്‍ സമരം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.