വെയിലായാല്‍ പൊടിശല്യം, മഴയായാല്‍ ചളിക്കുണ്ട്

കൊല്ലം: വെയിലായാലും മഴയായാലും കലക്ടറേറ്റ് ഭാഗത്ത് നിന്ന് ഇരുമ്പുപാലം റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇവിടെ റോഡിന്‍െറ മധ്യഭാഗത്തു കൂടി എടുത്ത കുഴിയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സ്വീവേജ് പ്ളാന്‍റിലേക്കുള്ള പൈപ്പിടാനാണ് കുഴിയെടുത്തത്. പൈപ്പിട്ട് കുഴി മൂടിയെങ്കിലും ടാര്‍ ചെയ്തിട്ടില്ല. ഇതുമൂലം പുറം മണ്ണ് കാലാവസ്ഥക്ക് അനുസരിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. വെയിലായാല്‍ റോഡ് മുഴുവന്‍ പൊടിപടലം കൊണ്ട് നിറയും. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെ മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. റോഡിന്‍െറ വശങ്ങളിലുള്ള കടകളിലുള്ളവരും പൊടി ശ്വസിച്ചാണ് കഴിയുന്നത്. മഴ വരുന്നതോടെ പൊടിശല്യത്തിന് ആശ്വാസമാകും. എന്നാല്‍ റോഡ് ചെളിക്കുണ്ടായി മാറുന്നത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ദുരിതം വിതക്കും. ഗതാഗതക്കുരുക്ക് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഇവിടെ രൂക്ഷമാണ്്. നേരത്തെ ഇടുങ്ങിയ ഇരുമ്പുപാലമായിരുന്നു ഗതാഗതക്കുരുക്കിന് പ്രധാന കാരണം. എന്നാല്‍ സമാന്തരപാലം തുറന്നതോടെ ഗതാഗതക്കുരുക്കിന് ആശ്വാസമായെങ്കിലും കുഴിയെടുപ്പ് തുടങ്ങിയതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. കോര്‍പറേഷന്‍െറ സ്വീവേജ് ട്രീറ്റ്മെന്‍റ് പദ്ധതിക്കായുള്ള വലിയ പൈപ്പുകളാണ് റോഡിനടിയില്‍ സ്ഥാപിക്കുന്നത്. കേരള സുസ്ഥിര നഗര വികസന പദ്ധതിയായ കെ.എസ്.യു.ഡി.പിയുടെ ഭാഗമായി നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് പൈപ്പുകള്‍ കുരീപ്പുഴയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തിരക്കേറിയ റോഡിലെ കുഴിയെടുപ്പ് യാത്രാദുരിതത്തിനും അപകടങ്ങള്‍ക്കും നിമിത്തമാകുന്നു. മെയിന്‍ റോഡിലെ പല ഭാഗങ്ങളും ഇപ്പോള്‍ കുഴിയെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. പല റോഡുകളിലും ഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സ്വീവേജ് ട്രീറ്റ്മെന്‍റ് പദ്ധതി പ്രകാരം 40 വര്‍ഷം മുമ്പ് ഇത്തരം പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും ഇടക്ക് പദ്ധതി ഉപേക്ഷിച്ചു. ഇപ്പോഴത്തെ കോര്‍പറേഷന്‍ കൗണ്‍സില്‍ കാലയളവില്‍ മേയറായിരുന്ന പ്രസന്ന ഏണസ്റ്റാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. കുരീപ്പുഴയിലെ ചണ്ടി ഡിപ്പോയുടെ പ്രവര്‍ത്തനംവരെ പ്രദേശവാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന് മുടങ്ങിയിരുന്നു. ഇത്തരം പ്രതിഷേധം നിലനില്‍ക്കെ തുടരുന്ന സ്വീവേജ് ട്രീറ്റ്മെന്‍റ് പദ്ധതിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുമോയെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് പൈപ്പിടല്‍ ജോലികള്‍ പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.