‘അവരെ കൊന്നതാ...ഇത് സത്യം... സത്യം...’

അഞ്ചാലുംമൂട് : ‘നേരിട്ട് പറയാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് സാര്‍ ഇങ്ങനെ ഒരു കത്ത്...ഒരു വര്‍ഷം മുമ്പ് വെട്ടുവിളയില്‍നിന്ന് യുവതിയെ കാണാതായ സംഭവം കൊലപാതകമാണ്. പൊട്ടന്‍ അവരെ കൊന്നതാ... കുപ്പണയിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിന്‍െറ സെപ്റ്റിക് ടാങ്കില്‍ കൊണ്ടിട്ടു... കഴിഞ്ഞ ഓണത്തിന്, ഉത്രാടനാളില്‍ രാത്രി... ഈ കത്ത് കിട്ടിയാലുടന്‍ സാര്‍ രഹസ്യമായി അന്വേഷിക്കണം. തെറ്റിദ്ധാരണ പരത്താനല്ല സര്‍... പൊട്ടന്‍ അവരെ കൊന്നതാ... ഇത് സത്യം... സത്യം... സത്യം’. അജ്ഞാതന്‍ എഴുതിയ ഈ കത്താണ് ഒരു വര്‍ഷം മുമ്പ് കാണാതായ അഞ്ചാലുംമൂട് വെട്ടുവിള സ്വദേശിയായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്തെുന്നതില്‍ നിര്‍ണായകമായത്. കുപ്പണയിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിന്‍െറ സെപ്റ്റിക് ടാങ്കില്‍നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കത്തിന്‍െറ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രിതന്നെ പൊലീസ് രഹസ്യമായി പരിശോധന നടത്തി സംഭവം സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പൊലീസ് ജീപ്പുകള്‍ ഓരോന്നായി വന്നതോടെ സെപ്റ്റിക് ടാങ്കില്‍ ആരെയോ കൊന്നിട്ടിരിക്കുന്നുവെന്ന വാര്‍ത്ത തീ പോലെ പടര്‍ന്നു. 2014 സെപ്റ്റംബര്‍ ആറിനാണ് ശ്രീദേവിയമ്മ എന്ന വീട്ടമ്മയെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് അജ്ഞാതന്‍െറ കത്ത് എസ്.ഐ രൂപേഷ് രാജിന് ലഭിച്ചത്. മൃതദേഹത്തിന് മുകളില്‍ വലിയ പാറകഷണങ്ങള്‍ അടുക്കിവെച്ചനിലയിലായിരുന്നു. തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളും മുടിയും മാലയും കമ്മലും അടിവസ്ത്രങ്ങളും സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്തു. കൊല്ലത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റിന്‍െറ ഉടമസ്ഥതയിലെ കെട്ടിടം പിന്നീട് ശക്തികുളങ്ങര സ്വദേശി വാങ്ങുകയായിരുന്നു. കെട്ടിടം പഴയ കയര്‍ ഷെഡായി ഉപയോഗിച്ചു വരുകയാണെന്നും രാവും പകലും കെട്ടിടത്തില്‍ പരസ്യമദ്യപാനമുണ്ടെന്നും പരിസര വാസികള്‍ പറയുന്നു. ടാങ്കിനുള്ളില്‍നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ ഉച്ചയോടെ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സര്‍ജന്‍ ഡോ. രഞ്ജിത്, ഡോ. ലക്ഷ്മി, സയന്‍റിഫിക് വിഭാഗം അസി. എസ്. സുനുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. അഡീ. തഹസില്‍ദാര്‍ റോയി, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ റെക്സ് ബോബി അര്‍വിന്‍, അസി. കമീഷണര്‍ എം.എസ്. സന്തോഷ്, വെസ്റ്റ് സി.ഐ ആര്‍. സുരേഷ്, അഞ്ചാലുംമൂട് എസ്.ഐ രൂപേഷ് രാജ്, സിവില്‍ പൊലീസ് ഓഫിസര്‍ ലഗേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. സംഭവത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കത്തില്‍ പരാമര്‍ശിക്കുന്ന യുവാവ് ഒരു വര്‍ഷമായി സ്ഥലത്തില്ളെന്നാണ് പൊലീസിന് അന്വേഷണത്തില്‍ ബോധ്യമായത്. യഥാര്‍ഥ പ്രതിയെ കണ്ടത്തൊനായി കത്തെഴുതിയ ആളിലേക്കാണ് പൊലീസിന്‍െറ അന്വേഷണം നീളുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.