കഞ്ചാവ് കേസില്‍ മൂന്നുപേര്‍ക്ക് പത്തുവര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും

കൊല്ലം: ജീപ്പില്‍ കഞ്ചാവ് കടത്തിയ കേസില്‍ മൂന്നുപേര്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും ലക്ഷം രൂപ വീതം പിഴയും വിധിച്ച് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി VI ജഡ്ജി അഷീദ.എഫ് ഉത്തരവായി. ഇടുക്കി രാജാക്കാട് പരപ്പനങ്ങാട്മുറിയില്‍ പാറതോട്ടില്‍ വീട്ടില്‍ രാജേന്ദ്രന്‍ (60), രാജാക്കാട് കള്ളിമാലി മുറിയില്‍ പെട്ടിയാങ്കല്‍ വീട്ടില്‍ വിന്‍സന്‍റ് (55), രാജാക്കാട് കള്ളിമല ഉറമ്പക്കല്‍ വീട്ടില്‍ ഷാജി (50)എന്നിവരെയാണ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി വിചാരണകാലയളവില്‍ മരിച്ചിരുന്നു. പിഴ ഒടുക്കിയില്ളെങ്കില്‍ പ്രതികള്‍ രണ്ടുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. 2005 ഏപ്രില്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകീട്ട് 6.30ഓടെ കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ബി. സുരേഷും സംഘവും കല്ലുകടവ് റെയില്‍വേ ഓവര്‍ബ്രിഡ്ജിനുസമീപം വാഹനപരിശോധനക്കിടെ എത്തിയ ജീപ്പിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. കല്ളേലിഭാഗത്തുവെച്ച് ജീപ്പ് പിന്തുടര്‍ന്ന് പിടികൂടി നടത്തിയ പരിശോധനയില്‍ രണ്ടു ചാക്കുകളിലായി സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന 30 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. പുത്തൂരിലെ ഒരാള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതാണ് കഞ്ചാവെന്ന പ്രതികളുടെ മൊഴിയെതുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. ശരണ്യ.പി എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.