മേടയില്‍മുക്കിലെ ഭീമന്‍കുഴികള്‍ അപകടഭീഷണിയാകുന്നു

കാവനാട്: ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി കുഴികള്‍ നിറയുന്നു. നീണ്ടകര മുതല്‍ കാങ്കത്തുമുക്ക് വരെയുള്ള പാതയാണ് കുണ്ടും കുഴിയും കാരണം ദുരിതമാകുന്നത്. കനത്ത മഴയില്‍ റോഡുവക്കുകളില്‍ കുണ്ടും കുഴിയും ചെളിയും നിറഞ്ഞുകിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കടക്കം ദുരിതമാകുന്നു. അടുത്തിടെ അറ്റകുറ്റപ്പണി നടത്തി ‘അടച്ച’ കുഴികളാണ് ആഴ്ചകള്‍ക്കകം വീണ്ടും രൂപപ്പെട്ടിരിക്കുന്നത്. നെല്ലുമുക്കിലെ വളവില്‍ രൂപപ്പെട്ടിട്ടുള്ള കുഴിയില്‍ നിരവധി ഇരുചക്രവാഹനയാത്രികരാണ് മറിഞ്ഞുവീഴുന്നത്. കഴിഞ്ഞദിവസം രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പൊലീസുകാര്‍ കുഴിയില്‍പെട്ട് മറിഞ്ഞുവീണിരുന്നു. മുളങ്കാടകം ജങ്ഷനിലെ വളവിലും വെള്ളയിട്ടമ്പലം ജങ്ഷനിലും നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മേടയില്‍മുക്കിലെ റോഡില്‍ വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. രാമന്‍കുളങ്ങരയില്‍നിന്ന് വെള്ളയിട്ടമ്പലം വരെയുള്ള റോഡിനിരുവശവും കുണ്ടുംകുഴിയും ചെളിയുമായി കിടക്കുന്നത് യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. മൂന്ന് ആഴ്ചമുമ്പ് റോഡിന്‍െറ വശങ്ങളില്‍ കേബിളിടാന്‍ കുഴിച്ചതിനുശേഷമാണ് ഇവിടെ റോഡിന്‍െറ വശം കുണ്ടും കുഴിയുമായി മാറിയതെന്ന് നാട്ടുകാര്‍ പറയുന്നു. മഴ കനത്തതോടെ വെള്ളക്കെട്ടുമായി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ശരീരത്തേക്ക് ചെളി അഭിഷേകവും ഇവിടെ പതിവാണ്. മേടയില്‍മുക്കിലെ സ്വകാര്യ ബസ് സ്റ്റോപ്പിലും റോഡിലെ വന്‍കുഴിയിലും റോഡുവശത്തും വെള്ളം കെട്ടിനില്‍ക്കുകയാണ്. മുളങ്കാടകം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കേന്ദ്രീയ വിദ്യാലയം, വനിത ഐ.ടി.ഐ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും റോഡിന്‍െറ വശങ്ങളിലെ വെള്ളക്കെട്ടും കുഴികളും ദുരിതമായിരിക്കുകയാണ്. റോഡിന്‍െറ വശത്തെ കുണ്ടും കുഴിയും നിരപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മതേതര നഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.