പോസ്റ്റ് ഓഫിസ് നിക്ഷേപ തിരിമറി: ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

പരവൂര്‍: പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതിയില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തി ഒളിവില്‍ പോയ പ്രതി പരവൂര്‍ പൊലീസില്‍ കീഴടങ്ങി. പരവൂര്‍ പോസ്റ്റ് ഓഫിസിലെ ജീവനക്കാരിയായിരുന്ന സുനി ജോര്‍ജാണ് പരവൂര്‍ സി.ഐ. ഓഫിസില്‍ കീഴടങ്ങിയത്. ഇടപാടുകാരുടെ പണം അക്കൗണ്ടില്‍ നിക്ഷേപിക്കാതെയും നിക്ഷേപ കാലാവധി അവസാനിച്ചിട്ടും ഇടപാടുകാരെ വിവരമറിയിക്കാതെ വീണ്ടും പണം വാങ്ങിയുമാണ് കബളിപ്പിക്കല്‍ നടത്തിയത്. ഡിപ്പാര്‍ട്മെന്‍റ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ 45 ലക്ഷത്തിന്‍െറ തിരിമറി ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് ഇവരെയും കൂട്ടുപ്രതിയായിരുന്ന പൂതക്കുളം സ്വദേശിയായ വനിതാജീവനക്കാരി ബിനുവിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥര്‍ പ്രതികളുമായി സംസാരിക്കുകയും സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് 19 ലക്ഷത്തോളം രൂപ ഇവര്‍ ഇരുവരും ചേര്‍ന്ന് തിരിച്ചടച്ചു. ശേഷിക്കുന്ന തുകയും തീര്‍ത്തടക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് പണമടക്കാതെ ഒളിവില്‍ പോയി. പിന്നീട് വിവരങ്ങളൊന്നും ലഭിക്കാഞ്ഞതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന പ്രതി ഹൈകോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ തള്ളിയ കോടതി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.