കാവനാട്: ജപ്പാനിലെ ഹിരോഷിമയിലെ സമാധാന പാര്‍ക്കിലെ സഡാക്കോ സ്മാരകത്തില്‍ അര്‍പ്പിക്കാനായി കൊല്ലം ഗവ .ടൗണ്‍ യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ആയിരം സഡാക്കോ കൊക്കുകള്‍ തിങ്കളാഴ്ച ഹിരോഷിമയിലേക്ക് പറന്നു. ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങള്‍ക്കിരയാവുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമാണ് സഡാക്കോ സസക്കി എന്ന ജാപ്പനീസ് പെണ്‍കുട്ടി. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ ആറ്റംബോംബ് വീഴുമ്പോള്‍ സഡാക്കോക്ക് രണ്ട് വയസ്സായിരുന്നു. ആറ്റംബോംബിന്‍െറ വികിരണങ്ങളേറ്റ അവളുടെ ശരീരം രക്താര്‍ബുദത്തിന് കീഴടങ്ങി. ആശുപത്രി കിടക്കയില്‍ മരണത്തോടുമല്ലടിക്കുമ്പോള്‍ ജപ്പാനില്‍ നിലനിന്നിരുന്ന ഒരു വിശ്വാസം അവള്‍ക്ക് ആശ്വാസമേകി. പേപ്പര്‍കൊണ്ട് ആയിരം കൊക്കുകളെ നിര്‍മിച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം നടക്കും എന്നതായിരുന്നു വിശ്വാസം. മികച്ച ഓട്ടക്കാരിയാകാന്‍ കൊതിച്ച സഡാക്കോ കൊക്കുകളെ നിര്‍മിക്കാന്‍ തുടങ്ങി. ആയിരം കൊക്കുകള്‍ തികയുംമുമ്പേ 1955 ഒക്ടോബര്‍ 25ന് സഡാക്കോ ഈ ലോകത്തോട് വിടവാങ്ങി. സഡാക്കോയുടെ ഓര്‍മക്കായി സഹപാഠികള്‍ ഹിരോഷിമയിലെ സമാധാന പാര്‍ക്കില്‍ സ്മാരകം നിര്‍മിച്ചു. സഡാക്കോയുടെ സ്മാരകത്തില്‍ അര്‍പ്പിക്കാനുള്ള ആയിരം പേപ്പര്‍ കൊക്കുകള്‍കൊണ്ട് തീര്‍ത്ത ഹാരം കൊല്ലം ഗവ.ടൗണ്‍ യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച് ഹിരോഷിമ ഇന്‍റര്‍നാഷനല്‍ സ്കൂളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. അവിടത്തെ വിദ്യാര്‍ഥികള്‍ ഈ ഹാരം സഡാക്കോയുടെ സ്മാരകത്തില്‍ അര്‍പ്പിക്കും. കൊല്ലം ഗവ. ടൗണ്‍ യു.പി. സ്കൂളിന്‍െറ പേര് അവിടെ ആലേഖനവും ചെയ്യും. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു വിദ്യാലയത്തിന് ഇത്തരം ഒരവസരം ലഭിക്കുന്നത്. സഡാക്കോ കൊക്കുകളുടെ ഹാരം ജപ്പാനിലേക്ക് അയച്ച ചടങ്ങിന്‍െറ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.പി. തങ്കം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ജെ. ബിജു അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എസ്. സുധാകരന്‍, ആനന്ദന്‍, എ. ഗ്രഡിസണ്‍, കെ.അയ്യപ്പന്‍പിള്ള, വി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ എസ്. അജയകുമാര്‍ സ്വാഗതവും അനിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.