അഞ്ചാലുംമൂട്: തൃക്കടവൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥരുടെ മിന്നല്‍പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച പഴക്കട ഒരു ദിവസത്തേക്ക് പൂട്ടി. ജ്യൂസിനായി സൂക്ഷിച്ചിരുന്ന മുന്തിരി, ആപ്പിള്‍ ഉള്‍പ്പെടെയുള്ള പഴകിയ പഴവര്‍ഗങ്ങള്‍ നശിപ്പിക്കുകയും ആറു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. അഞ്ചാലുംമൂട്ടിലും പരിസരത്തും കൊതുക് വളരുന്നതിന് സാഹചര്യം ഉണ്ടാക്കിയതിനും വൃത്തിഹീനമായി പ്രവര്‍ത്തിച്ചതുമായ കടകള്‍ക്കാണ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്. മലിനപ്പെട്ട ഐസും ലഘുപാനീയങ്ങളും ഇതോടൊപ്പം നീക്കം ചെയ്തു. ഇവിടങ്ങളിലെ പൈപ്പ്, കിണര്‍ വെള്ളത്തിന്‍െറ ആറു സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി കൊല്ലത്തെ വാട്ടര്‍ അതോറിട്ടി ലാബിന് കൈമാറി. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കിണര്‍വെള്ളം ക്ളോറിനേറ്റ് ചെയ്യുക, വെള്ളം പരിശോധിച്ച് കോളിഫോം ബാക്ടീരിയ ഇല്ളെന്ന് ഉറപ്പുവരുത്തുക, ജ്യൂസും ഐസും നല്ല വെള്ളത്തില്‍ തയാറാക്കുക, സിപ്-അപ് നല്ലതാണെന്ന് ഉറപ്പുവരുത്തുക, കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം നല്‍കുക, പൊട്ടിപ്പൊളിഞ്ഞ പാത്രങ്ങളും പൊറോട്ട ഷീറ്റും മാറ്റുക, മലിനപ്പെടാത്തവിധം ആഹാരം പാകംചെയ്യുക, പഴകിയ എണ്ണ ഉപയോഗിക്കാതിരിക്കുക, പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഹെല്‍ത്ത് കാര്‍ഡ് എടുക്കുക തുടങ്ങിയവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്‍. ബാലഗോപാലിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ എച്ച്.ഐ മാരായ എ. രാജേഷ്, വി.കെ. അരുണ്‍, പ്രതിഭ, ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളില്‍ തുടരുമെന്നും കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. സീമ ശിവാനന്ദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.