പത്തനാപുരം: വണ്‍വേ റോഡും റിങ് റോഡും യാഥാര്‍ഥ്യമായില്ല, മണ്ഡലകാലം ആരംഭിച്ചതോടെ നഗരം ഗതാഗതക്കുരുക്കിലായി. ഗതാഗത പരിഷ്കരണങ്ങള്‍ താളം തെറ്റിയതോടെ നഗരം കടക്കാന്‍ ഒരുമണിക്കൂറിലധികം സമയം വേണ്ടിവരുന്നു. തീര്‍ഥാടകരടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് വലയുന്നത് . മൂന്നുവര്‍ഷം മുമ്പ് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ തുടക്കത്തില്‍തന്നെ മിഴിപൂട്ടിയതില്‍പിന്നെ ആ ഭാഗത്തക്ക് അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസോ ആവശ്യത്തിന് ഹോംഗാര്‍ഡുകളോ ഇല്ലാത്തതും ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ഥാടനകാലത്ത് ഗതാഗത നിയന്ത്രണത്തിനും തീര്‍ഥാടകരെയും മറ്റ് യാത്രികരെയും സഹായിക്കുന്നതിനുമായി ശബരിമല സ്പെഷല്‍ പൊലീസിനെ നഗരത്തിലും വിന്യസിച്ചിരുന്നു. ഇത്തവണ ഇവരുടെ സേവനവും ലഭ്യമായിട്ടില്ല. ട്രാഫിക്കില്‍ നിയമിക്കാന്‍ പൊലീസുകാരുടെ അപര്യാപ്തത കാരണമാണ് ഹോംഗാര്‍ഡിനെ പഞ്ചായത്തിന്‍െറ സഹകരണത്തോടെ വിന്യസിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കാന്‍ അധികൃതര്‍ തയാറാകാത്തത് കാരണം എട്ട് പേരുണ്ടായിരുന്ന ഹോംഗാര്‍ഡില്‍ അഞ്ച് പേരും തൊഴില്‍ ഉപേക്ഷിച്ചു. മൂന്നുപേരുടെ സേവനം മാത്രമാണിപ്പോഴുള്ളത്. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് ട്രാഫിക്കില്‍ ജോലി ചെയ്യുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ആശ്രയിക്കുന്ന പാതയില്‍ ഗതാഗതക്കുരുക്ക് കിലോമീറ്ററുകളോളം നീളും. കല്ലുംകടവ് മുതല്‍ നടുക്കുന്ന് വരെയും കുന്നിക്കോട് പാതയില്‍ മഞ്ചള്ളൂര്‍ വരെയും പലസമയങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമാണ്. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വണ്‍വേ സംവിധാനം താളപ്പിഴകളാല്‍ തകര്‍ന്നതും ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നതിന് കാരണമായി. അനധികൃത പാര്‍ക്കിങ് കൂടിയാകുന്നതോടെ കുരുക്ക് പൂര്‍ണമാകും. പലപ്പോഴും കാല്‍നടയാത്രപോലും ദുസ്സഹമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.