നാടകവണ്ടിയില്‍ കറങ്ങി മോഷണം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

കൊട്ടാരക്കര: നാടകവണ്ടിയില്‍ കറങ്ങി 500 പവനിലധികം മോഷണം നടത്തി പിടിയിലായയാളിനെയും സഹായിയെയും കൊട്ടാരക്കര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. നാടക കമ്പനി ഉടമയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ മീരാ ഭവനില്‍ രമേശന്‍ (48), ഡ്രൈവറും സഹായിയുമായ ചിറയിന്‍കീഴ് കുമാളകുന്ന് രാഖീ ഭവനില്‍ മുരുകന്‍ (സെന്തില്‍ കുമാര്‍- 42) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളില്‍ നിന്നും 50 പവനോളം ആഭരണങ്ങളും ഒരു ലക്ഷം രൂപയോളം പണവും കവര്‍ന്ന കേസില്‍ തെളിവെടുപ്പിനാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിയത്. ജനുവരി 28ന് രാത്രി പൂട്ടിയിട്ടിരുന്ന കൊട്ടാരക്കര പള്ളിക്കല്‍ ഗുരുമന്ദിരത്തിന് സമീപം ജുമാന ഹൗസില്‍ ഷിജിയുടെ വീട്ടില്‍ നിന്നും പതിനൊന്ന് പവനോളം സ്വര്‍ണാഭരണങ്ങളും 39,000 രൂപയും ഏപ്രില്‍ 16ന് വെട്ടിക്കവല തരംഗിണിയില്‍ പ്രവീണിന്‍െറ വീട്ടില്‍ നിന്ന് 13 പവനോളം സ്വര്‍ണാഭരണങ്ങളും 5,000 രൂപയും മേയ് 18ന് കൊട്ടാരക്കര പുലമണ്‍ പാറക്കടവ് സുനില്‍ ഭവനില്‍ ഡേവിഡ് സാമുവലിന്‍െറ വീട്ടില്‍ നിന്നും രാത്രിയില്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങളും 38,000 രൂപയും എന്നിവയാണ് രമേശനും സംഘവും ഇവിടെ നിന്ന് കവര്‍ന്നത്. തിരുവനന്തപുരത്ത് പിടിയിലായ രമേശനെയും സഹായിയെയും ചോദ്യം ചെയ്തപ്പോഴാണ് കൊട്ടാരക്കരയിലെ മോഷണങ്ങളുടെ ചുരുളഴിയുന്നത്. നാടകവണ്ടിയില്‍ കറങ്ങിയായിരുന്നു മോഷണങ്ങളെല്ലാം. എവിടെ നാടകമുണ്ടോ അവിടെ മോഷണം നടത്തും. അഞ്ചുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കൂടുതല്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് ചോദ്യംചെയ്യലിനുശേഷം മാത്രമേ അറിയാന്‍ കഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.