പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിന് ഉയര്‍ത്തിയ തുക നല്‍കുന്നില്ളെന്ന്

ആയൂര്‍: പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തിയ തുക നല്‍കാന്‍ ചടയമംഗലം ബ്ളോക് പഞ്ചായത്തിന് വിമുഖത. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഐ.എ.വൈ ഭവനനിര്‍മാണ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. അതേസമയം നിര്‍ദിഷ്ട എസ്റ്റിമേറ്റിലുള്ള ഭവനം പൂര്‍ത്തിയാക്കുന്നതിന് നാലു മുതല്‍ അഞ്ചുലക്ഷം രൂപവരെ മുതല്‍ മുടക്കുണ്ടാകുമെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് രണ്ടുലക്ഷം രൂപയെങ്കിലും നല്‍കണമെന്ന് തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. 
ജില്ലാ പ്രാദേശിക സഹകരണ സംഘങ്ങളില്‍നിന്നും ദേശീയ ബാങ്കുകളില്‍നിന്നും വായ്പ സംഘടിപ്പിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, ജില്ലയിലെ അഞ്ചോളം ബ്ളോക്കുകള്‍ മാത്രമാണ് ഇങ്ങനെ ഗുണഭോക്താക്കള്‍ക്ക് തുക നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്‍െറയും ജില്ലാ-ബ്ളോക് ഗ്രാമപഞ്ചായത്തുകളുടെയും ഫണ്ടുകളുടെ ലഭ്യത ബ്ളോക്കില്‍ എത്തിയതിനുമാത്രമേ തുക അനുവദിക്കാന്‍ കഴിയൂവെന്ന തീട്ടൂരമാണ് പട്ടിണിപ്പാവങ്ങളെ കുഴക്കുന്നത്. അധികരിപ്പിച്ച ഒരുലക്ഷം രൂപയില്‍ മൂന്ന് തവണയായി 30,000 രൂപവരെയാണ് പരമാവധി നല്‍കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളുടെ വിഹിതം കുറയുന്നിടത്ത് ഇതില്‍ താഴെയുള്ള തുകയെ ലഭ്യമായിട്ടുള്ളൂ. വട്ടിപ്പലിശക്ക് പണം കടമെടുത്തും സാധനസാമഗ്രികള്‍ വായ്പക്ക് വാങ്ങിയും വീട് പണി പൂര്‍ത്തിയാക്കിയവര്‍ കടക്കെണിയിലും ആത്മഹത്യാവക്കിലുമാണ്. പണി പൂര്‍ത്തിയാക്കാത്തവരുടെ വീടുകള്‍ നിര്‍മിച്ച ഭാഗങ്ങള്‍ ദ്രവിച്ച് നശിച്ച അവസ്ഥയിലുമാണ്. 
ചടയമംഗലം ബ്ളോക് പഞ്ചായത്തിനുകീഴില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട 450ഓളം ഭവനനിര്‍മാണ ഗുണഭോക്താക്കളാണ് ഇങ്ങനെ ദുരിതമനുഭവിക്കുന്നത്. കാലാകാലങ്ങളില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ടിന്‍െറ ലഭ്യത കിട്ടാന്‍ കാത്തിരിക്കുകയാണ് പട്ടികജാതി കുടുംബങ്ങള്‍. വകുപ്പുമന്ത്രിക്കും കലക്ടര്‍ക്കും ജില്ലാ പഞ്ചായത്തിനും പഞ്ചായത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മൂന്നുവര്‍ഷമായി ഇതാണ് അവസ്ഥ. 2013 ജൂലൈ 16ന് പഞ്ചായത്ത് സാമൂഹികനീതി മന്ത്രിക്ക് നല്‍കിയ പരാതിയുടെ മറുപടി വന്നത് ഈ വര്‍ഷം ജനുവരി 28നാണ്. രണ്ടു വര്‍ഷത്തെ കാലാവധിയാണ് പരാതി സംബന്ധിച്ച മറുപടി അറിയിപ്പ് പോലും ലഭിക്കാന്‍ ഉണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.