പുതുവത്സരാഘോഷം അതിരുവിട്ടാല്‍ അകത്താകും

കൊല്ലം : പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ജില്ലയില്‍ പൊലീസ് വിപുല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേക മുന്‍കരുതല്‍ സംവിധാനങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും സംഘര്‍ഷ മേഖലകളിലും പ്രധാന ജങ്ഷനുകളിലും പൊലീസ് പിക്കറ്റ് ഉണ്ടായിരിക്കും. എല്ലാ പ്രധാന റോഡുകളിലും വാഹന പരിശോധനക്ക് മൊബൈല്‍ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിതവേഗം, വാഹനങ്ങളുടെ മത്സരഓട്ടം തുടങ്ങിയവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നാളെ പുലര്‍ച്ചെ വരെ വാഹന പരിശോധന നടത്തും. ജില്ലയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും പരിശോധനകളില്‍ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളും പൊലീസ് കര്‍ശനമായി നിരീക്ഷിക്കും. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ ആവേശത്തെ തടയില്ളെന്നും എന്നാല്‍ ആഘോഷം നിയമ ലംഘനത്തിലേക്ക് എത്താതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.പൊതുസ്ഥലങ്ങളില്‍ അപകടകരമായി പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം നടപടി സ്വീകരിക്കും. പോക്കറ്റടി, സ്ത്രീകളെ ശല്യപ്പെടുത്തല്‍ എന്നിവ പിടികൂടാന്‍ ഷാഡോ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ടൗണുകള്‍, ജനത്തിരക്കുള്ള നിരത്തുകള്‍, മാര്‍ക്കറ്റുകള്‍, വ്യാപാരസമുച്ചയങ്ങള്‍ എന്നിവയുള്‍പ്പെടുത്തി ഫുട് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃതമല്ലാതെ ശബ്ദസംവിധാനം പ്രവര്‍ത്തിപ്പിക്കാതിരിക്കുക, റോഡിലും പൊതുസ്ഥലത്തും ഘോഷയാത്രകളും പ്രദര്‍ശനങ്ങളും നടത്താതിരിക്കുക, പുതുവത്സരത്തലേന്ന് ക്ളബുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാതിരിക്കുക, ഇരുചക്ര വാഹനങ്ങളടക്കമുള്ളവ ഉപയോഗിച്ച് ആഘോഷങ്ങള്‍ നടത്താതിരിക്കുക, ബിയര്‍വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച സമയത്ത് മാത്രം തുറന്നുപ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ബീച്ചുകളിലും മറ്റു ജലാശയങ്ങളിലും പുതുവത്സരാഘോഷം നടത്താന്‍ പാടില്ല. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും സമാധാനപരമായി ആഘോഷിക്കുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.