വിധികര്‍ത്താക്കളെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തടഞ്ഞുവെച്ചു

കൊല്ലം: ഉപജില്ലാ കലോത്സവത്തിലെ വിധിനിര്‍ണയത്തില്‍ അപാകത ആരോപിച്ച് വിധികര്‍ത്താക്കളെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. കലോത്സവം നടക്കുന്ന കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ ഒന്നും രണ്ടും വേദികളിലായി വ്യാഴാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യത്തിന്‍െറയും എച്ച്.എസ്.എസ് വിഭാഗം കുച്ചിപ്പുടിയുടെയും ഫലം വന്നയുടന്‍ സമ്മാനം ലഭിക്കാതിരുന്ന സ്കൂളുകളിലെ രക്ഷിതാക്കളും വിദ്യാര്‍ഥികളും നൃത്ത അധ്യാപകരും സംഘടിച്ച് വിധികര്‍ത്താക്കളെ തടയുകയായിരുന്നു. വാക്കേറ്റം പലപ്പോഴും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉപരോധത്തിനൊടുവില്‍ പൊലീസ് ഇടപെട്ടാണ് വിധി കര്‍ത്താക്കളെ വേദിയില്‍ നിന്ന് മാറ്റിയത്. വിധിനിര്‍ണയത്തില്‍ അപാകത ആരോപിച്ച് കഴിഞ്ഞദിവസം മുതല്‍ കലോത്സവത്തിനിടെ പ്രശ്നങ്ങള്‍ നടന്നിരുന്നു. പരാതികള്‍ ഒഴിവാക്കാന്‍ സ്കൂളുകളുടെ അഭിപ്രായം മാനിച്ച് ചില വിധികര്‍ത്താക്കളെ സംഘാടകര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. അനാവശ്യമായ പ്രശ്നങ്ങള്‍ക്ക് ചിലര്‍ ശ്രമിക്കുകയാണെന്നും വിദ്യാര്‍ഥികളെക്കാള്‍ നൃത്ത അധ്യാപകരില്‍ ചിലരാണ് പ്രകോപനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും കലോത്സവ സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.