ഊട്ടുപുര സ്വകാര്യവ്യക്തിക്ക് കൈമാറിയത് ചട്ടം ലംഘിച്ച്

കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രി കാന്‍റീന്‍ ഊട്ടുപുര സ്വകാര്യ വ്യക്തിക്ക് നടത്താന്‍ വിട്ടുനല്‍കിയത് ചട്ടം ലംഘിച്ച്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയ സ്ഥാപനങ്ങളും വസ്തുവകകളും കൈകാര്യം ചെയ്യുന്നതില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ കാന്‍റീന്‍ കൈമാറിയിരിക്കുന്നത്. 1999ല്‍ ഗവണ്‍മെന്‍റ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ലംഘിച്ചിരിക്കുന്നത്. ‘ഏത് ഉദ്ദേശ്യ ലക്ഷ്യം മുന്‍നിര്‍ത്തിയാണോ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്, അത് ഹനിക്കുന്ന രീതിയില്‍ അവയുടെ വസ്തുവകകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കുന്ന പ്രവണതകള്‍ അടിയന്തരമായി നിയന്ത്രിക്കപ്പെടേണ്ടതാണ്’ എന്നാണ് ഉത്തരവില്‍ പറയുന്നത്. സര്‍ക്കാറില്‍ നിക്ഷിപ്തമാണ് അവയുടെ ഉടമസ്ഥാവകാശം എന്ന് പറയുന്നതിനൊപ്പം കെട്ടിടങ്ങളും മറ്റും ആ സ്ഥാപനത്തിന്‍െറ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യക്തമാക്കുന്നു. എന്നാല്‍, ജില്ല ആയുര്‍വേദ ആശുപത്രിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാല പൂട്ടിയശേഷമാണ് സ്വകാര്യ ഗ്രൂപ്പിന് ഊട്ടുപുര എന്ന പേരില്‍ കാന്‍റീന്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. പുറമെ ഊട്ടുപുരക്ക് ജില്ലാ പഞ്ചായത്ത് അനുമതി നല്‍കിയപ്പോള്‍ കരാറില്‍ ഒപ്പുവെക്കേണ്ട ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസറെ പരിഗണിച്ചതുമില്ല. ജില്ലാ പഞ്ചായത്ത് അധികൃതര്‍ മുന്‍കൈ എടുത്ത് 2014ല്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ കൊണ്ടുവന്നാണ് ഊട്ടുപുരയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കരാര്‍ നല്‍കുന്നതില്‍ ജില്ലാ പഞ്ചായത്ത് ചട്ടം ലംഘിച്ചതോടെ കരാറെടുത്ത സ്വകാര്യ വ്യക്തി ഊട്ടുപുരയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ മറവില്‍ വി.ഐ.പികള്‍ക്ക് അനധികൃത യോഗയും മറ്റ് ചികിത്സയും നടത്തുകയായിരുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫിസറും ആയുഷ് വകുപ്പിന്‍െറ ഡെപ്യൂട്ടി ഡയറക്ടറും നടത്തിയ പരിശോധനയില്‍ കണ്ടത്തെി. അതേസമയം, ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണത്തിന് ഊട്ടുപുരയെ ആശ്രയിക്കാനും കഴിയില്ലായിരുന്നു. രാവിലെ സാധാരണ ഭക്ഷണങ്ങള്‍ കഴിക്കേണ്ട തങ്ങള്‍ക്ക് ആവശ്യമുള്ള ഒരാഹാരവും അവിടെയില്ല. ഭക്ഷണ വിലയിലും വന്‍ വര്‍ധനയാണെന്നും രോഗികള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടി എടുക്കാന്‍ അധികൃതര്‍ തയാറായില്ളെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളാണ് ഇവിടെ നാടന്‍സാധനമെന്ന പേരില്‍ ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.