നൈപുണി വികസന രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നില്‍ –മന്ത്രി ഷിബു

ചന്ദനത്തോപ്പ്: ലോകത്ത് വിവിധരാജ്യങ്ങള്‍ പ്രകടിപ്പിച്ച നൈപുണി മികവ് പരിശോധിക്കുമ്പോള്‍ നാം കാല്‍നൂറ്റാണ്ട് പിന്നിലാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ചന്ദനത്തോപ്പില്‍ ദേശീയ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സഹകരണത്തോടെ ആരംഭിച്ച കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍െറയും ആദ്യ ഡിസൈന്‍ കോണ്‍ക്ളേവിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബ്രസീലില്‍ നടന്ന ലോക സ്കില്‍ ഫെസ്റ്റിവലില്‍ ഒരു വിഭാഗത്തില്‍പോലും ഒന്നാം സ്ഥാനക്കാരാകാന്‍ നമുക്ക് കഴിഞ്ഞില്ല. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ യുവാക്കള്‍ പ്രകടിപ്പിച്ച നൈപുണി സാമര്‍ഥ്യം നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്. അമേരിക്കയില്‍ റോബോട്ടിക് സയന്‍സ് അതിവേഗത്തിലാണ് മുന്നേറുന്നത്. ഈ മാറ്റങ്ങളോടൊപ്പം നമുക്കും എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എ. ബേബി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ. ഗുരുദാസന്‍ എം.എല്‍.എ, എ.എ. അസീസ് എം.എല്‍.എ, കേരള അക്കാദമി ഓഫ് സ്കില്‍ എക്സലന്‍സ് മാനേജിങ് ഡയറക്ടര്‍ ആര്‍. രാഹുല്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സെന്‍ട്രല്‍ ഹെഡ് പ്രഫ. കൃഷ്ണപട്ടേല്‍, മാനേജിങ് ഡയറക്ടര്‍ ഷാനിമോള്‍, എസ്.എല്‍. സജികുമാര്‍, പി. ശകുന്തള, ബി. രഘൂത്തമന്‍പിള്ള, ജെ. ലളിത, പി.ടി. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു. മൂന്നുവര്‍ഷം വീതം ദൈര്‍ഘ്യമുള്ള ഇന്‍റഗ്രേറ്റഡ് പ്രോഡക്ട് ഡിസൈന്‍, ഇന്‍റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഐ.ടി ഇന്‍റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍ എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളാണ് ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഡിസൈന്‍ കോണ്‍ക്ളേവില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രമുഖരും തഴപ്പായകൊണ്ടുള്ള വിവിധ ഉല്‍പന്നങ്ങളുമായി തഴവയിലെ ഏകത ഗ്രൂപ്പും തലയോലപ്പറമ്പിലെ ജവഹര്‍ലാല്‍ നെഹ്റു സംഘവും വയനാട്ടിലെ ഉറവും പങ്കെടുത്തു. മുള, തഴ എന്നിവ ഉപയോഗിച്ചുള്ള തത്സമയ കരകൗശല വസ്തുക്കളുടെ നിര്‍മാണവും നടന്നു. ഐ.ടി സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള വെര്‍ച്വല്‍ റിയാലിറ്റി പരിപാടിയും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.