വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് : സ്ഥാപനമുടമയുടെ ജാമ്യം റദ്ദാക്കി

കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ സ്ഥാപനമുടമയുടെ ജാമ്യം റദ്ദാക്കി. മോഡേണ്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഉടമ ജയിംസ് ജോര്‍ജിന് കൊല്ലം സി.ജെ.എം കോടതി അനുവദിച്ച ജാമ്യം ജില്ലാ സെഷന്‍സ് കോടതിയാണ് റദ്ദ് ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതിനെ തുടര്‍ന്ന് ജയിംസ് ജോര്‍ജിനെ ജൂലൈ 27നാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍െറ അപേക്ഷപ്രകാരം അഗസ്റ്റ് അഞ്ചിന് കോടതി ജാമ്യം അനുവദിച്ചു. ഇക്കാലയളവില്‍ തൃശൂരിലെ കേസുമായി ബന്ധപ്പെട്ട് ജയിംസ് ജോര്‍ജ് റിമാന്‍ഡില്‍ കഴിയുകയായിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. കേസിലെ മൂന്നാം പ്രതി തോമസ് മാത്യുവിനെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാള്‍ ഹൈകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ഹരജി 10ന് തള്ളിയിരുന്നു. മൂന്നാം പ്രതിയെ പിടികൂടി ഇരുവരെയും ഒന്നിച്ച് ചോദ്യം ചെയ്താല്‍ മാത്രമെ നിര്‍ണായക വിവരങ്ങള്‍ കിട്ടുകയുള്ളൂവെന്ന് സി.ഐ ബി. പങ്കജാക്ഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സുധീര്‍ ജേക്കബ് വാദിച്ചു. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. തൃശൂര്‍ വിയ്യൂര്‍ കൊട്ടേക്കാട് എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സീനത്തിനെ ജൂലൈ 27ന് അറസ്റ്റ് ചെയ്തതോടെയാണ് കൊല്ലത്തെ ഉറവിടം കണ്ടത്തെി പൊലീസ് ജയിംസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിലെ വിവിധ യൂനിവേഴ്സിറ്റികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ആറ് മാസം കൊണ്ട് പി.ജി, ഡിഗ്രി, പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് പത്രപരസ്യം നല്‍കിയായിരുന്നു സര്‍ട്ടിഫിക്കറ്റ് വിതരണം. 10,000 മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഈടാക്കിയിരുന്നത്. കത്തോലിക്കസ് (കാതോലിക്ക ബാവ) എന്ന് പറഞ്ഞ് സ്വയം അവരോധിത ബിഷപ്പായാണ് ജയിംസ് ജോര്‍ജ് സ്ഥാപനം നടത്തിയിരുന്നത്. ഇയാളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളും പൊലീസ് തുടങ്ങിയിരുന്നു. കണ്‍ട്രോള്‍ റൂം സി.ഐ ബി. പങ്കജാക്ഷന്‍, എസ്.ഐ അലക്സാണ്ടര്‍ തങ്കച്ചന്‍, ഈസ്റ്റ് എസ്.ഐ സി. സുരേഷ്കുമാര്‍, ആനന്ദന്‍, സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.