കൊല്ലം: പാരിപ്പളളി ഇ.എസ്.ഐ മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാറിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സമര്‍പ്പിച്ച നിര്‍ദേശവും അതിന്‍െറ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഇ.എസ്.ഐ. കോര്‍പറേഷന്‍ അധികാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണകളാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ധാരണാപത്രം സംസ്ഥാന ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കും കൈമാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറുമായുളള ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ പാരിപ്പളളി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ അധികാരപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇ.എസ്.ഐ കോര്‍പറേഷന്‍െറ ഗുണഭോക്താക്കളായ തൊഴിലാളികളുടെ മക്കള്‍ക്ക് 35ശതമാനം സീറ്റിനാണ് ധാരണാപത്രം അനുസരിച്ച് സംവരണം ചെയ്തിരിക്കുന്നത്. 99 വര്‍ഷത്തേക്കാണ് ഭൂമിയും കെട്ടിടങ്ങളും മെഡിക്കല്‍ കോളജ് നടത്തുന്നതിനായി ദീര്‍ഘകാല പാട്ടവ്യവസ്ഥയില്‍ സംസ്ഥാനം കൈമാറുന്നത്. മെഡിക്കല്‍ കൗണ്‍സിലില്‍നിന്ന് കോളജ് തുടങ്ങാനുള്ള അനുമതിക്ക് ആവശ്യമായ നടപടികള്‍ ഇ.എസ്.ഐ.സി സ്വീകരിക്കും. ഇ.എസ്.ഐ കോര്‍പറേഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തു നിന്നും പിന്‍വാങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കോളജ് തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഇ.എസ്.ഐ.സിയും സംസ്ഥാന സര്‍ക്കാറുമായും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോളജ് സംസ്ഥാനത്തിന് വിട്ടുനല്‍കാനുള്ള തീരുമാനവും ധാരണാപത്രവും അംഗീകരിച്ചത്. കേന്ദ്ര സര്‍ക്കാറും ഇ.എസ്.ഐ കോര്‍പറേഷനും നടപടികള്‍ പൂര്‍ത്തീകരിച്ച് കോളജ് വിട്ടുനല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉടനെതന്നെ ധാരണാപത്രം ഒപ്പുവെച്ച് മെഡിക്കല്‍ കൗണ്‍സിലില്‍ അപേക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. അതിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.പിക്ക് ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.