തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: മോക് പോളില്‍ വന്‍ ജനപങ്കാളിത്തം

കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന ഇലക്ട്രോണിക്സ് വോട്ടിങ് മെഷീന്‍ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നതിന്‍െറ ഭാഗമായി സംഘടിപ്പിച്ച മോക് പോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കിഴക്കന്‍ മലയോരമേഖലയായ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പനരുവി കടമ്പുപാറ എം.എസ്.സി.എല്‍.പി സ്കൂളില്‍ നടന്ന മോക് പോളില്‍ ഒട്ടേറെപേര്‍ പങ്കെടുത്തു. രാവിലെ 10ന് തന്നെ വോട്ടു ചെയ്യാനായി നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഗ്രാമ-ബ്ളോക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് വെവ്വേറെ ബാലറ്റ് യൂനിറ്റുകളാണ് ഉപയോഗിക്കുന്നത്. ഒരേസമയം മൂന്ന് വോട്ടാണ് ചെയ്യേണ്ടത്. ഗ്രാമപഞ്ചായത്ത് ഒന്നാമത്തെ സ്ഥാനാര്‍ഥിയുടെ പേരിന് നേരെ ബ്രൗണ്‍ ബട്ടണ്‍ അമര്‍ത്തുക. പേരിന് നേരെയുള്ള ചുവപ്പ് ലൈറ്റ് തെളിഞ്ഞാല്‍ അടുത്ത മെഷീനിലേക്ക്. ബ്ളോക് പഞ്ചായത്തിന് രണ്ടാമത്തെ മെഷീനില്‍ സ്ഥാനാര്‍ഥിയുടെ നേരെയുള്ള ബ്രൗണ്‍ ബട്ടണ്‍ അമര്‍ത്തി ചുവപ്പ് ലൈറ്റ് തെളിഞ്ഞാല്‍ അടുത്ത മെഷീനിലേക്ക്. ജില്ലാ പഞ്ചായത്ത് മൂന്നാമത്തെ മെഷീനില്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബ്രൗണ്‍ ബട്ടണ്‍ അമര്‍ത്തുക. നീണ്ട ഒരു ബീപ് ശബ്ദം കേട്ടാല്‍ വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി. മോക് പോളില്‍ സാങ്കല്‍പിക സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയായിരുന്നു മത്സരം. പൊതുതെരഞ്ഞെടുപ്പില്‍ നടത്തേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയായിരുന്നു മോക് പോള്‍ സംഘടിപ്പിച്ചത്. സ്റ്റേറ്റ് ഇലക്ഷന്‍ കമീഷണര്‍ കെ. ശശിധരന്‍നായരുടെ നേതൃത്വത്തിലാണ് മോക് പോള്‍ നടന്നത്. ഇലക്ഷന്‍ കമീഷന്‍ പ്രതിനിധികളായ മേഘനാഥ്, കെ.ടി. ജോര്‍ജ് എന്നിവരും പങ്കെടുത്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അനു എസ്. നായരുടെ നേതൃത്വത്തിലുള്ള ജില്ലാ ഇലക്ഷന്‍ വിഭാഗം സൂപ്രണ്ട് എന്‍. രാജു, പ്രവീണ്‍, പ്രിസൈഡിങ് ഓഫിസര്‍ ജി. നിര്‍മല്‍കുമാര്‍, റിട്ടേണിങ് ഓഫിസര്‍ ജി. വിശ്വനാഥന്‍, എല്‍.എസ്. സന്തോഷ്കുമാര്‍, ആര്‍. സുഭാഷ്, സാബു എന്നിവര്‍ പോളിങ് ഓഫിസര്‍മാരായും പ്രവര്‍ത്തിച്ചു. എ.ഡി.പി മോഹനചന്ദ്രന്‍, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ജോസ്, വൈസ് പ്രസിഡന്‍റ് ഷേര്‍ളി ഗോപിനാഥ്, സെക്രട്ടറി ജോഷ്വാ ജേക്കബ്, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മോക് പോള്‍ ഉച്ചക്ക് ഒന്നിന് അവസാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.