ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം: കര്‍ക്കടകവാവിന് മണിക്കൂറുകള്‍ ശേഷിക്കെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പിതൃതര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഇവിടേക്ക് ആയിരങ്ങള്‍ എത്തിത്തുടങ്ങും. കര്‍ക്കടകമാസത്തിലെ വാവിന് ബലിയിട്ടാല്‍ അത് പിതൃക്കളുടെ നിത്യ ആഹാരമാകുമെന്നാണ് സങ്കല്‍പം. ഹൈന്ദവ വിശ്വാസപ്രകാരം പഞ്ചശുദ്ധികളായ മന$ശുദ്ധി, ദേഹശുദ്ധി, കര്‍മശുദ്ധി, സ്ഥലശുദ്ധി, ദ്രവ്യശുദ്ധി എന്നിവ വേണ്ട കര്‍മമാണ് വാവുബലി. കൊല്ലത്ത് തിരുമുല്ലവാരം, മുണ്ടയ്ക്കല്‍, അഷ്ടമുടി എന്നിവിടങ്ങളില്‍ വാവുബലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അച്ചന്‍കോവില്‍ ആറില്‍ കരിക്ക് പടേനി, താംബുല സമര്‍പ്പണം, ആനയൂട്ട്, വാനരയൂട്ട് എന്നിവ നടക്കും. കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തില്‍ നടക്കുന്ന ബലിയില്‍ ആര്യങ്കാവ്, തെന്മല, മടത്തറ,ചോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ആയിരങ്ങള്‍ പങ്കെടുക്കും. പത്തനാപുരത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശ്വഹിന്ദു പരിഷത്തിന്‍െറ നേതൃത്വത്തില്‍ പട്ടാഴി വടക്കേക്കര മെതുകുംമേല്‍ ശ്രീനാരായണപുരം ക്ഷേത്രക്കടവിലും നചികേതസ് ആദ്ധ്യാത്മികാശ്രമത്തിന്‍െറ നേതൃത്വത്തില്‍ ഏലിക്കാട്ടൂര്‍ ദേവീ ക്ഷേത്രകടവിലും പാതിരിക്കല്‍ അയ്യപ്പസേവാസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ഇടത്തറ ചാവരുകാവിലും പുന്നല ശ്രീനീലകണ്ഠപുരം ശിവക്ഷേത്രത്തില്‍ കണിയാംപടിക്കല്‍ കടവിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. കുണ്ടയം ശ്രീ മഹാദേവര്‍ ക്ഷേത്ര കടവ്, കരിമ്പാലൂര്‍ മഹാവിഷ്ണു ക്ഷേത്ര കടവ്, ആറാട്ടുപുഴ ശ്രീ നാഗരാജ അര്‍ദ്ധനാരീ ക്ഷേത്ര കടവ്, കേരളമംഗലം മഹാദേവര്‍ ക്ഷേത്രത്തിന്‍െറ നേതൃത്വത്തില്‍ ഇടക്കടവിലും ബലിയിടല്‍ നടക്കും. തിരക്കേറിയ ക്ഷേത്രങ്ങളില്‍ ബലിയിടാനുള്ള പൂജാ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഒരേസമയം ആയിരം പേര്‍ക്കിരിക്കാവുന്ന പന്തലുകളാണ് മിക്കയിടത്തും ഒരുക്കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.