കോട്ടുക്കല്‍ രാധാകൃഷ്ണപിള്ള വധം: അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും

കൊല്ലം: കോട്ടുക്കല്‍ കാര്‍ത്തികയില്‍ വി. രാധാകൃഷ്ണപിള്ള (45) കൊല ചെയ്യപ്പെട്ട കേസില്‍ അഞ്ചു പ്രതികള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് (കൊലക്കുറ്റം) പ്രകാരം ജീവപര്യന്തവും ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി -VI ജഡ്ജി എഫ്. അഷീദ ഉത്തരവായി. ഒരു ലക്ഷം രൂപയില്‍ അഞ്ചു പ്രതികളും കൂടി 20,000 രൂപ വീതം ഒടുക്കണം. കോട്ടുക്കല്‍ ഫില്‍ഗിരി ഷൈലജാ വിലാസത്തില്‍ സാജു (40), കോട്ടുക്കല്‍ വിജയവിലാസത്തില്‍ ഹരിലാല്‍ (32), കോട്ടുക്കല്‍ ചേലപ്പള്ളിയില്‍ വീട്ടില്‍ ശിവരാമന്‍ (ഉണ്ണി -47), കോട്ടുക്കല്‍ തെക്കടത്തുവീട്ടില്‍ സന്തോഷ് (29), കോട്ടുക്കല്‍ ശ്രീകൃഷ്ണവിലാസം വീട്ടില്‍ ജയപ്രകാശ് (ഉണ്ണി -37) എന്നിവര്‍ക്കാണ് ശിക്ഷവിധിച്ചത്. പിഴ തുക മരിച്ച രാധാകൃഷ്ണപിള്ളയുടെ അനന്തരാവകാശികള്‍ക്ക് നല്‍കണമെന്ന് വിധിയില്‍ പറയുന്നു. നേരത്തെ ആറുമുതല്‍ 10 വരെ പ്രതികളെ കുറ്റക്കാരല്ളെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത് 2005 ജനുവരി 14 നാണ്. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന രാധാകൃഷ്ണപിള്ള ലീവിന് നാട്ടില്‍ വരുമ്പോള്‍ ഒന്നാം പ്രതി സാജുവിന്‍െറ ഓട്ടോയാണ് സ്ഥിരമായി ഓട്ടം വിളിച്ചിരുന്നത്. 2005 ല്‍ നാട്ടില്‍ വന്നപ്പോള്‍ തന്‍െറ ഓട്ടോ വിളിക്കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ ദിവസം വൈകീട്ട് ഏഴിന് സാജു കോട്ടുക്കല്‍ ജങ്ഷനിലെ രാധാകൃഷ്ണപിള്ളയുടെ അനുജന്‍ ചന്ദ്രശേഖരന്‍പിള്ളയുടെ പലചരക്ക് കടയില്‍ ചെന്ന് അസഭ്യം വിളിക്കുകയും പിടിവലി നടത്തുകയും ചെയ്തു. രാത്രിയോടെ സാജുവും സുഹൃത്തുക്കളായ ഒമ്പത് പ്രതികളുമായി ചന്ദ്രശേഖരപിള്ളയുടെ കടയില്‍ ബഹളമുണ്ടാക്കി. കേസിലെ രണ്ടാം സാക്ഷി ജനാര്‍ദനപിള്ളയുടെ കടയില്‍ പാക്കുവെട്ടുന്ന പിച്ചാത്തി ഉപയോഗിച്ച് രാധാകൃഷ്ണപിള്ളയുടെ നെഞ്ചിലും വയറ്റിലുമായി നാലു തവണ കുത്തുകയും മറ്റു പ്രതികള്‍ ചന്ദ്രശേഖരപിള്ളയെ മര്‍ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണപിള്ളയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്നതായിരുന്നു പ്രോസിക്യൂഷന്‍ കേസ്. രാധാകൃഷ്ണപിള്ളക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസിലെ 38 സാക്ഷികളില്‍ 20 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തിരിച്ചു. 20 പേരില്‍ രാധാകൃഷ്ണപിള്ളയുടെ ഭാര്യാ സഹോദരനായ ശ്രീകുമാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. കടയ്ക്കല്‍ എസ്.ഐയായിരുന്ന സാജു കെ. എബ്രഹാം രജിസ്റ്റര്‍ ചെയ്ത കേസിന്‍െറ അന്വേഷണം നടത്തിയത് കടയ്ക്കല്‍ സി.ഐയായിരുന്ന. വി.ജി. വിനോദ്കുമാര്‍, ആര്‍. പ്രദീപ്കുമാര്‍ എന്നിവരും കുറ്റപത്രം കോടതി മുമ്പാകെ ഹാജരാക്കിയത് കടയ്ക്കല്‍ സി.ഐ ടി.പി. ദിലീപുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. പി. ശരണ്യ എന്നിവര്‍ കോടതിയില്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.