കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ കോവിഡ് കിറ്റ് വിതരണത്തെച്ചൊല്ലി വിവാദം പുകയുന്നു. കിറ്റ് കൈപ്പറ്റിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് റിഫൈനറി ശേഖരിച്ചു. റിഫൈനറിയുടെ ഫണ്ട് ഉപയോഗിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ കിറ്റ് വിതരണത്തിലാണ് വിവാദം. കിറ്റ് വിതരണം സ്വകാര്യ പരിപാടിയാക്കിയെന്ന് ആരോപിച്ച് സി.പി.എം രംഗത്തുവന്നിരുന്നു. വൻ തോതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ വിജിലൻസ് അടക്കമുള്ള വിവിധ വകുപ്പുകൾക്ക് പരാതിയും നൽകി. റിഫൈനറിയുടെ സഹായം പരസ്യമാക്കാതെ നടത്തിയ കിറ്റ് വിതരണത്തിൽ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അർഹർക്കാണ് കിറ്റ് വിതരണം നടത്തിയതെന്നുമാണ് എം.എൽ.എയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. സംഭവം വിവാദമായതോടെ റിഫൈനറി അധികൃതർ താലൂക്ക് റേഷനിങ് അധികൃതരോട് കിറ്റ് കൈപ്പറ്റിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. ഇതേസമയം, റേഷനിങ് അധികൃതരുടെ അപേക്ഷപ്രകാരമാണ് കിറ്റിന് ഫണ്ട് അനുവദിച്ചതെന്നും സുതാര്യതക്കുവേണ്ടിയാണ് കിറ്റ് കൈപ്പറ്റിയവരുടെ ലിസ്റ്റ് ശേഖരിക്കുന്നതെന്നും റിഫൈനറി വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.