കുട്ടമശേരി സൂര്യ നഗർ ഭാഗത്ത് റോഡിൽ തമ്പടിച്ച തെരുവുനായ്ക്കൾ
ആലുവ: മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായി. ആളൊഴിഞ്ഞ സ്ഥലങ്ങളിലും പാതയോരങ്ങളിലും തമ്പടിക്കുന്ന നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുന്നത് പതിവാണ്. നഗരത്തിലും നാട്ടിൻപുറങ്ങളിലും ജനങ്ങൾ ഭീതിയിലാണ്. തിരക്കേറിയ കവലകളിൽ വരെ തെരുവ് നായ്ക്കൾ വിലസുകയാണ്. രാത്രിസമയങ്ങളിൽ പൊതുവഴികളിലും മറ്റും കറങ്ങിനടക്കുന്ന ഇവ പകൽസമയങ്ങളിൽ ആളൊഴിഞ്ഞ വഴികളിൽ തമ്പടിച്ച് ഒറ്റപ്പെട്ട യാത്രക്കാരെ ആക്രമിക്കാറുമുണ്ട്. പ്രഭാത നടത്തക്കാർക്കാണ് ഇവ കൂടുതൽ ഭീഷണി. കന്നുകാലികൾ, ആടുകൾ തുടങ്ങിയ വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്.
ജനവാസ കേന്ദ്രങ്ങളിലെ ഇടവഴികളിലെല്ലാം നായ്ക്കളുടെ പിടിയിലാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നഗരസഭ ക്വാർട്ടേഴ്സ്, മാർക്കറ്റ്, മാധവപുരം, പൈപ്പ് ലൈൻ റോഡ്, കുന്നത്തേരി റോഡ്, ബാങ്ക് കവല, പാർക്ക് തുടങ്ങി നഗരത്തിന്റെ മുക്കിലും മൂലയിലും തെരുവുനായ് ശല്യമുണ്ട്. കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മഹിളാലയം, കുന്നുംപുറം, അമ്പലപ്പറമ്പ്, സൂര്യ നഗർ, എടത്തല പഞ്ചായത്തുമായി അതിര് പങ്കിടുന്ന ചുണങ്ങംവേലി, ചൂണ്ടി തുടങ്ങിയ പ്രദേശങ്ങളിലും ഇവ ഭീഷണിയാണ്. ഏഴാം വാർഡിലെ ബലിപ്പറമ്പ്, സൂര്യ നഗർ, ഡോ. അംബേക്കർ വായനശാല പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായ് ശല്യം രൂക്ഷം. തുമ്പിച്ചാലിൽ പ്രഭാത സവാരിക്ക് വരുന്നവർക്കും ഭീഷണിയാണ് നായ്ക്കൾ.
നഗരത്തോട് ചേർന്ന കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ ഗ്രാമങ്ങളിലും നായ്ശല്യം രൂക്ഷമാണ്. ആലുവ - പറവൂർ റോഡിൽ പലഭാഗത്തും കൂട്ടമായെത്തുന്ന തെരുവ് നായ്ക്കൾ യാത്രക്കാരെ ആക്രമിക്കാൻ മുതിരാറുണ്ട്. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്തും തെരുവുനായ്കളുടെ ആക്രമണം പതിവായി.
അർധരാത്രി ജോലി കഴിഞ്ഞു വരുന്നവരുടെ ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് നായ്ക്കൾ കുരച്ചു ചാടുന്നത് പതിവാണ്. മുതിർന്നവർ അടക്കം ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. മദ്റസയിലും സ്കൂളുകളിലുമെല്ലാം പോകുന്ന കുട്ടികളും ഭീതിയിലാണ്. നായ് ശല്യത്തിനെതിരെ നാട്ടുകാർ പഞ്ചായത്ത് അധികാരികളോട് നിരന്തരം പരാതിപ്പെട്ടിട്ടും ഫലമില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.