ഇബ്രാഹീംകുഞ്ഞ്​​ ഭീഷണിപ്പെടുത്തിയെന്ന പരാതി: വിജിലൻസ്​ അന്വേഷണ റിപ്പോർട്ട്​ ഹൈകോടതിയിൽ

കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിൻെറ അറസ്റ്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹരജിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് ഐ.ജി നടത്തിയ അന്വേഷണത്തിൻെറ റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഹൈകോടതിക്ക് കൈമാറി. ഇബ്രാഹീംകുഞ്ഞും സംഘവും ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. അതേസമയം, കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിൻെറ റിപ്പോർട്ടുകൾ എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടു. ഇതിൻെറ അടിസ്ഥാനത്തിൽ മാത്രമേ ഇ.ഡി അന്വേഷണം സാധ്യമാകൂവെന്ന് അസി. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് സുനിൽ തോമസ്, ഇതുവരെയുള്ള വിവരങ്ങൾ ഇ.ഡിക്ക് കൈമാറാൻ വിജിലൻസിനോട് നിർദേശിച്ചു. തുടർന്ന് ഹരജി ഈ മാസം 17ന് പരിഗണിക്കാൻ മാറ്റി. മേയ് 23ന് കൂടുതൽ വിശദമായ പരാതി കളമശ്ശേരി പൊലീസിൽ നൽകിയതായി ഹരജിക്കാരൻ തിങ്കളാഴ്ച കോടതിയെ അറിയിച്ചു. ഇക്കാര്യവും സിംഗിൾ ബെഞ്ച് രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.