ഇനിയും പ്രവാസികൾക്കായി പറക്കും -ബിന്ദു കീഴടക്കിയത് അതിജീവനത്തിൻെറ ആകാശം കൊച്ചി: ''ഏറ്റവും മികച്ച ചികിത്സയാണ് എനിക്ക് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ലഭിച്ചത്. ആരോഗ്യവകുപ്പിനും മെഡിക്കൽ കോളജ് അധികൃതർക്കും ഏറെ നന്ദി. പ്രവാസികളെ കൊണ്ടുവരാനായി ഇനിയും വിമാനത്തിൽ കയറി പറക്കും, ആ ദൗത്യത്തിൽ ഇനിയും പങ്കാളിയാവും'' -കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ട എയർ ഇന്ത്യ പൈലറ്റ് ബിന്ദു സെബാസ്റ്റ്യേൻറതാണ് ഈ വാക്കുകൾ. രോഗം സ്ഥിരീകരിച്ച് ഒരാഴ്ചക്കകം കോവിഡ് മുക്തയായതിലൂടെ ഈ 49കാരി കീഴടക്കിയത് അതിജീവനത്തിൻെറ പുതിയ ദൂരമാണ്. കഴിഞ്ഞ ഒന്നിനായിരുന്നു തേവര സ്വദേശിയായ ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഏഴിന് രോഗമുക്തി നേടി ആശുപത്രിയിൽനിന്ന് മടങ്ങി. വന്ദേഭാരത് ദൗത്യത്തിൻെറ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിമാനത്തിൽ പൈലറ്റായിരുന്ന ബിന്ദുവിനെ പതിവുപരിശോധനയുടെ ഭാഗമായാണ് സ്രവപരിശോധന നടത്തിയത്. തുടർന്ന് രോഗം സ്ഥിരീകരിക്കുകയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐെസാലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സക്കുശേഷം രണ്ട് പരിശോധനഫലം നെഗറ്റിവ് ആയി. എന്തെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ എല്ലാവരും ചികിത്സ തേടണമെന്നാണ് ബിന്ദുവിന് പറയാനുള്ളത്. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ പങ്കുചേര്‍ന്ന ബിന്ദു സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിന് അഭിമാനമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗമുക്തി നേടിയ ബിന്ദുവിന് മന്ത്രി അഭിനന്ദനം നേർന്നു. പ്രവാസികളെ കൊണ്ടുവരാനായി വിമാന ജീവനക്കാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അവർ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് അധികൃതർ ഏറെ സന്തോഷത്തോടെയാണ് ബിന്ദുവിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. വൈസ് പ്രിന്‍സിപ്പലും പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍, ആര്‍.എം.ഒ ഡോ. ഗണേശ് മോഹന്‍, മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ജേക്കബ് കെ. ജേക്കബ്, അസോ. പ്രഫ. ഡോ. ബി. റെനിമോള്‍, നഴ്‌സിങ് സൂപ്രണ്ട് സാൻറി അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. സ്വന്തം ലേഖിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.