മണൽ ഖനനത്തിനെതിരെ സി.പി.ഐ; മുന്നണിയിലെ അനൈക്യം പുറത്തായി

ആലപ്പുഴ: കോവിഡുകാലത്ത് തോട്ടപ്പള്ളിയിലും പമ്പയിലും തിരക്കിട്ട് നടത്തുന്ന മണൽ ഖനനത്തിനെതിരെ എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ പരസ്യമായി രംഗത്ത്. തങ്ങളുടെ കീഴിലെ റവന്യൂ, വനം മന്ത്രിമാർ അറിയാതെയാണിതെന്ന ആക്ഷേപം സി.പി.ഐക്കുണ്ട്. കുട്ടനാട് വെള്ളപ്പൊക്കം ഒഴിവാക്കാനെന്ന േപരിൽ തോട്ടപ്പള്ളിയിൽ കരിമണൽ കടത്തുന്നതിനെതിരെ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പരസ്യമായി രംഗത്തുവന്നു. സമരപരിപാടികളിലും സമൂഹ മാധ്യമങ്ങളിലും അദ്ദേഹം നിലപാട് വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, കഴിഞ്ഞദിവസം കായംകുളത്തും ശനിയാഴ്ച ആലപ്പുഴയിലും എത്തിയ വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഖനനത്തിന് അനുകൂലമായാണ് പ്രതികരിച്ചത്. പമ്പയിലെ വിഷയത്തിൽ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ്ബാബു വകുപ്പുമന്ത്രിമാർക്ക് പിന്തുണ നൽകിയിരുന്നു. തോട്ടപ്പള്ളിയിലെ കാറ്റാടിമരം വെട്ടിയത് വനംവകുപ്പും മണൽ നീക്കം റവന്യൂ വകുപ്പും അറിയാതെയാണോയെന്നും പമ്പയിൽ സംഭവിച്ചതിൻെറ ആവർത്തനമല്ലേയിതെന്ന് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി വി. മോഹൻദാസും ചോദിക്കുന്നു. പരിസ്ഥിതി വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഭവന നിർമാണ ബോർഡ് ചെയർമാൻകൂടിയായ സംസ്ഥാന നേതാവ് പി. പ്രസാദും കരിമണൽ ഖനനത്തിനെതിരെ രംഗത്തുണ്ട്. തോട്ടപ്പള്ളിയിൽ നടക്കുന്നത് കരിമണൽ കൊള്ളയാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ആഞ്ചലോസ് പറയുന്നത്. 'പൊഴിമുറിക്കൽ എങ്ങനെയെന്ന് ജില്ലയുടെ തീരദേശത്തുള്ളവർക്ക് അറിയാം. നൂറുകണക്കിന് കാറ്റാടി മരങ്ങൾ വെട്ടി 400 മീറ്റർ നീളത്തിൽ പൊഴിമുറിക്കൽ തുടങ്ങിയിട്ട് ദിവസം 15 കഴിഞ്ഞു. ഇന്നുവരെ കുട്ടനാട്ടിൽനിന്ന് ഒരുതുള്ളിവെള്ളം കടലിലേക്ക് ഒഴുകിയിട്ടില്ല. കുട്ടനാടിനെ രക്ഷിക്കാനായിരുന്നില്ല ഈ നാടകം. കരിമണൽ കൊള്ളയാണ് കടൽ മണൽ ഖനനം. റിട്ടയർ ചെയ്ത െപാലീസ് ഉദ്യോഗസ്ഥരാണ് മണൽ പാസ് എഴുതുന്നത്. 400 ലോറി പോയാൽ 40 എന്നെഴുതും. ഇതൊന്ന് നേരിൽ കാണാൻ ചെന്നാൽ കേസെടുക്കും.' ആഞ്ചലോസ് പറയുന്നു. ഇത് ശരിവെക്കുന്ന എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി വി. മോഹൻദാസ്, ഐ.ആർ.ഇ എന്നും കെ.എം.എം.എൽ എന്നും ഒരേ ലോറിയിൽ പതിച്ചിരിക്കുന്നതിൽതന്നെ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു. -വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.