വിയറ്റ്നാമിൽനിന്നും കസാഖ്​സ്​താനിൽനിന്നും പ്രവാസികൾ കൊച്ചിയിലെത്തും

നെടുമ്പാശ്ശേരി: ഞായറാഴ്ച വിയറ്റ്നാമിൽനിന്നും കസാഖ്സ്താനിൽനിന്നും ചാർട്ടർ വിമാനങ്ങളിൽ പ്രവാസികൾ കൊച്ചിയിലെത്തും. ശനിയാഴ്ച ഇറാഖിൽനിന്നും ജിബൂതിയിൽനിന്നും കൊച്ചിയിലേക്ക് പ്രത്യേക വിമാനങ്ങൾ സർവിസ് നടത്തിയിരുന്നു. ഇതുൾപ്പെടെ ആറുവിമാനത്തിൽ പ്രവാസികൾ മടങ്ങിയെത്തി. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽനിന്ന് 140 യാത്രക്കാരുമായി വിമാനം ഞായറാഴ്ച പുലർച്ചയെത്തും. ദോഹയിൽനിന്ന് 8.20ന് എത്തുന്ന ഖത്തർ എയർവേസ് വിമാനത്തിൽ 180 യാത്രക്കാരെത്തും. കസാഖ്സ്താനിലെ അറ്റേറോ വിമാനത്താവളത്തിൽനിന്ന് രാത്രി 10.25ന് എത്തുന്ന എയർ അസ്താന വിമാനത്തിൽ 166 യാത്രക്കാരുണ്ടാകും. ശനിയാഴ്ച ആറ് വിമാനത്തിലായി 846 പേർ എത്തി. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂതിയിൽ കുടുങ്ങിയ സിനിമപ്രവർത്തകരടക്കമുള്ളവരും മടങ്ങിയെത്തി. ഇറാഖ് എയർേവസ് വിമാനത്തിൽ 161 പേരെത്തി. ഡെൻമാർക്കിൽ നിന്നുള്ള ഡാനിഷ് എയർലൈൻസ് വിമാനത്തിൽ 53 പേരും നാട്ടിൽ തിരിച്ചെത്തി. ബഹ്റൈനിൽനിന്ന് മൂന്നുവിമാനം കൊച്ചിയിലേക്ക് സർവിസ് നടത്തി. രണ്ട് സർവിസ് ഗൾഫ് എയറും ഒരെണ്ണം എയർ ഇന്ത്യ എക്സ്പ്രസുമാണ് നടത്തിയത്. ഇറാഖ് സർക്കാർ ഇന്ത്യയിൽ കുടുങ്ങിയ ഇറാഖ് പൗരന്മാരെ കൊണ്ടുപോകാൻ ഡൽഹിയിലേക്ക് അയക്കാനിരുന്ന വിമാനം വിവിധ ജനപ്രതിനിധികളുടെ ഇടപെടലുകളെത്തുടർന്ന് കൊച്ചി വഴിയാക്കുകയായിരുന്നു. വിമാനം കാലിയായി ഡൽഹിയിൽ എത്തുന്നത് ശ്രദ്ധയിൽപെട്ട കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശി തരൂർ എം.പി, എം. സ്വരാജ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ എന്നിവരുടെ ശ്രമഫലമായാണ് വിമാനം കൊച്ചി വഴിയാക്കിയത്. കൊച്ചിയിൽനിന്ന് വിമാനം ഡൽഹി വഴി ഇറാഖിലേക്ക് മടങ്ങും. ഈ വിമാനത്തിൽ കൊച്ചിയിലെത്തിയ തമിഴ്നാട് സ്വദേശികളെ ബസിൽ നാട്ടിലേക്ക് അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.